ഹാൽ സിനിമക്കെതിരെ ആർഎസ്എസ്; ചിത്രത്തെ എതിർത്ത് ഹൈക്കോടതിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി

ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതാണ് സിനിമയെന്നും മത-സാമൂഹിക ഐക്യം തകർക്കുന്നതാണ് ഉള്ളടക്കമെന്നും ആർഎസ്എസ്

ഹാൽ സിനിമക്കെതിരെ ആർഎസ്എസ്; ചിത്രത്തെ എതിർത്ത് ഹൈക്കോടതിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി
dot image

കൊച്ചി: സെൻസർ ബോർഡ് കടുംവെട്ടുകൾ ആവശ്യപ്പെട്ട 'ഹാൽ' സിനിമയെ എതിർത്ത് ആർഎസ്എസ്. സിനിമയെ എതിർത്ത് ഹൈക്കോടതിയിൽ കക്ഷി ചേരാൻ ആർഎസ്എസ് നേതാവ് അപേക്ഷ നൽകി. ആർഎസ്എസിന്റെ ചേരാനല്ലൂർ ശാഖയിലെ മുഖ്യശിക്ഷക് എം പി അനിലാണ് അപേക്ഷ നൽകിയത്.

ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതാണ് സിനിമയെന്നും മത-സാമൂഹിക ഐക്യം തകർക്കുന്നതാണ് ഉള്ളടക്കമെന്നും അപേക്ഷയിൽ പറയുന്നുണ്ട്. ആർഎസ്എസിനെ മോശമായി സിനിമയിൽ ചിത്രീകരിക്കുന്നുണ്ട്. കലാപവും കവർച്ചയും കൊള്ളയും നടത്തുന്ന സംഘടനയായി ആർഎസ്എസിനെ ചിത്രീകരിക്കുന്നു. ആർഎസ്എസിനെ പിന്തുണയ്ക്കുന്നവരുടെ വികാരത്തെ ആഴത്തിൽ തകർക്കുന്നതാണ് സിനിമ. ഇത്തരമൊരു സിനിമയെ തടയേണ്ടത് സെൻസർ ബോർഡിന്റെ ഉത്തരവാദിത്തമാണ്. അതാണ് ബോർഡ് നിറവേറ്റിയതെന്നും അപേക്ഷയിൽ പറയുന്നുണ്ട്.

ഹാൽ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് നിർമാതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് കക്ഷി ചേരാനുള്ള അപേക്ഷ ആർഎസ്എസ് നൽകുന്നത്. സെൻസർ ബോർഡിന്റെയും റിവൈസിങ് കമ്മിറ്റിയുടെയും നിർദേശങ്ങൾക്കെതിരെ സിനിമയുടെ നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നതിന് മുൻപായി കോടതി സിനിമ നേരിൽ കണ്ടിരുന്നു.

ഷെയ്ൻ നിഗം നായകനായെത്തുന്ന സിനിമയിൽ, മുസ്‌ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് പറയുന്നത്. ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം സിനിമയിലെ 19 ഭാഗങ്ങൾ വെട്ടണമെന്നാണ് സെൻസർ ബോർഡ് നിർദേശം. ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതിവട്ടം, രാഖി കെട്ടൽ എന്നീ സംഭാഷണങ്ങളും പരാമർശങ്ങളും വെട്ടിമാറ്റാൻ നിർദേശിച്ചവയിലുണ്ട്. ഇവ ഒഴിവാക്കിയാൽ 'എ' സർട്ടിഫിക്കറ്റ് നൽകാമെന്നാണ് ബോർഡിന്റെ നിലപാട്.

Content Highlights: RSS opposes the movie 'Haal'

dot image
To advertise here,contact us
dot image