
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ബലാത്സംഗക്കേസ് പ്രതിയെ വെടിവെച്ചുകൊന്നു. കൊടുംകുറ്റവാളി ഷെഹ്‌സാദ് ആണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഷെഹ്‌സാദ്. പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസിന് നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു. തിരിച്ചുള്ള വെടിവെപ്പിലാണ് ഷെഹ്‌സാദ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
“സരൂർപൂർ സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ ഏറ്റുമുട്ടൽ ഉണ്ടായി. ബലാത്സംഗം, കൊള്ള, കൊലപാതകശ്രമം എന്നിവയുൾപ്പെടെ ഏഴ് കേസുകളാണ് ഷെഹ്സാദിനെതിരെയുള്ളത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അയാൾ മുമ്പ് അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. മോചിതനായ ശേഷം ഏഴ് വയസ്സുള്ള ഒരു പെൺകുട്ടിക്കെതിരെയും ലൈംഗികാതിക്രമം നടത്തി. ഗുരുതരമായി പരിക്കേൽപ്പിച്ചു. ഇയാളെ അറസ്റ്റ് ചെയ്യുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു'', മീററ്റ് എസ്എസ്പി വിപിൻ ടാഡ പറഞ്ഞു.
ഏറ്റുമുട്ടലിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ഒരു പിസ്റ്റളും നിരവധി വെടിയുണ്ടകളും അധികൃതർ കണ്ടെടുത്തു. ഷെഹ്സാദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. വിശദമായ അന്വേഷണം നടക്കുകയാണ്.
Content Highlights: Meerut police shot dead a man of two girls in an encounter