വനിതാ മാധ്യമപ്രവർത്തകര്‍ക്ക് വിലക്ക്; സ്ത്രീകൾക്കായി നിലകൊള്ളാൻ മോദിക്ക് കഴിയുന്നില്ലെന്ന് രാഹുൽ ഗാന്ധി

വനിത മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയതിൽ പങ്കില്ലെന്നും വാര്‍ത്താസമ്മേളനവുമായി യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം

വനിതാ മാധ്യമപ്രവർത്തകര്‍ക്ക് വിലക്ക്; സ്ത്രീകൾക്കായി നിലകൊള്ളാൻ മോദിക്ക് കഴിയുന്നില്ലെന്ന് രാഹുൽ ഗാന്ധി
dot image

ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യമന്ത്രിയുടെ ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയതിനെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം പി. സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്ന് വ്യക്തമാകുന്നതാണ് ഈ സംഭവമെന്ന് രാഹുല്‍ പറഞ്ഞു. എല്ലായിടത്തും തുല്യപങ്കാളിത്തത്തിന് സ്ത്രീകൾക്ക് അർഹതയുണ്ട്. വിവേചനങ്ങൾക്കെതിരെയുള്ള മൗനം, നാരീശക്തി മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുവെന്നും രാഹുൽ വ്യക്തമാക്കി.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി എം പി എക്‌സിൽ കുറിച്ചു. അഫ്ഗാനിലെ താലിബാന്‍ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്തഖിയുടെ വാർത്താസമ്മേളനത്തിലാണ് കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയത്. ഇതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് നേതാക്കളുടെ പ്രതികരണം.

പ്രധാനമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. സ്ത്രീകളുടെ അവകാശങ്ങളിലെ താങ്കളുടെ നിലപാടുകൾ ഒരു തെരഞ്ഞെടുപ്പിൽനിന്നും മറ്റൊന്നിലേക്കുള്ളത് മാത്രമല്ലെങ്കിൽ പിന്നെ എങ്ങനെയാണ് സ്ത്രീകൾ നട്ടെല്ലും അഭിമാനവുമായ രാജ്യത്ത്, കഴിവുള്ള സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതെന്ന് പ്രിയങ്ക ചോദിച്ചു.

അതേസമയം വിഷയത്തിൽ പ്രതിഷേധവുമായി വനിതാ മാധ്യമ പ്രവർത്തകർ രംഗത്തെത്തി. അമിർ ഖാൻ മുത്തഖി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാധ്യമങ്ങളെ കണ്ടത്. എന്നാൽ വാർത്താസമ്മേളനത്തിലേക്ക് പുരുഷ മാധ്യമപ്രവർത്തകരെ മാത്രമാണ് ക്ഷണിച്ചത്. ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു വാർത്താ സമ്മേളനം. വിമർശനങ്ങൾ ഉയർന്നതോടെ വനിത മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയതിൽ പങ്കില്ലെന്നും വാര്‍ത്താസമ്മേളനവുമായി യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരവും രംഗത്തെത്തി. പ്രതിഷേധിച്ച് പുരുഷ മാധ്യമപ്രവർത്തകർ വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപോകണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അട്ടിമറിയിലൂടെ 2021ലാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത്. അതിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ താലിബാൻ പ്രതിനിധിയാണ് മുത്തഖി.

Content Highlights: Priyanka Gandhi reacts on Women Journalists restriction At Taliban Press Meet In Delhi

dot image
To advertise here,contact us
dot image