അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതി കണ്ടുകെട്ടി ഇ ഡി

കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി അനില്‍ അംബാനി ഉടന്‍ ഹാജരാവുമെന്നാണ് വിവരം

അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതി കണ്ടുകെട്ടി ഇ ഡി
dot image

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതിയായ 'അബോഡ്' കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമപ്രകാരമാണ് 3,716.83 കോടി വില വരുന്ന വസതി കണ്ടുകെട്ടിയത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലുള്ള ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കണ്ടുകെട്ടല്‍ നടപടി. ഇതോടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 15,700 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്.

പാലി ഹില്‍ പരിസരത്താണ് വസതി സ്ഥിതി ചെയ്യുന്നത്. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി അനില്‍ അംബാനി ഉടന്‍ ഹാജരാവുമെന്നാണ് വിവരം. പിഎംഎല്‍എ നിയമപ്രകാരം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അനില്‍ അംബാനി ഇ ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട്, വായ്പാ തിരിമറി ആരോപണങ്ങളില്‍ നടക്കുന്ന വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് കണ്ടുകെട്ടല്‍ നടപടി. നേരത്തെ ഇതേ വസ്തുവിന്റെ 473.17 കോടി വിലമതിക്കുന്ന ഭാഗവും കണ്ടുകെട്ടിയിരുന്നു.

റിലയന്‍സ് ഗ്രൂപ്പിന്റെ ആര്‍കോമിനെതിരെ 40,000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്. ആര്‍കോമിനും അനില്‍ അംബാനിക്കുമെതിരെ ആരോപിക്കപ്പെടുന്ന തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ഇഡി ഉള്‍പ്പെടെയുള്ള ഫെഡറല്‍ ഏജന്‍സികളുടെ കാലതാമസത്തില്‍ കഴിഞ്ഞയാഴ്ച സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Content Highlights: Enforcement directorate attaches Mumbai property worth ₹3,716 crore linked to Anil Ambani

dot image
To advertise here,contact us
dot image