യാത്രയില്‍ സഹായത്തിന് 50 ഉദ്യോഗസ്ഥർ, BSNL ഉദ്യോഗസ്ഥന് കിട്ടിയത് മുട്ടൻപണി;വിമർശനത്തിന് പിന്നാലെ നടപടിയും

ഇതൊന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പ്രതികരിച്ചത്.

യാത്രയില്‍ സഹായത്തിന് 50 ഉദ്യോഗസ്ഥർ, BSNL ഉദ്യോഗസ്ഥന് കിട്ടിയത് മുട്ടൻപണി;വിമർശനത്തിന് പിന്നാലെ നടപടിയും
dot image

ന്യൂഡൽഹി: ബിഎസ്എൻഎല്ലിലെ ഉന്നത ഉദ്യോഗസ്ഥനായ വിവേക് ബൻസാലിന്റെ വിവാദ പ്രയാഗ്‌രാജ് യാത്രയിൽ നടപടിയെടുത്ത് കേന്ദ്രം. സഹായത്തിന് 50 ഉദ്യോഗസ്ഥരടക്കം ചുമതലപ്പെടുത്തിയ യാത്രയുടെ ഇറ്റിനറി വലിയ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് കേന്ദ്രം നടപടി എടുത്തിരിക്കുന്നത്. യാത്ര കഴിഞ്ഞ ദിവസം തന്നെ റദ്ദാക്കിയിരുന്നു.

സംഭവത്തിൽ ഉദ്യോഗസ്ഥന് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഉദ്യോഗസ്ഥനെതിരെ രൂക്ഷമായ ഭാഷയിലാണ് കമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചത്.

നിലവിലെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് ഉദ്യോഗസ്ഥൻ നടത്തിയത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും തക്കതായ നടപടികൾ സ്വീകരിക്കുമെന്നും കമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിവേക് ബൻസാലിന്റെ രണ്ട് ദിവസം മാത്രം നീളുന്ന പ്രയാഗ്‌രാജ് സന്ദർശനത്തിന്റെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. പ്രയാഗ് രാജിലേക്കുള്ള യാത്രയുടെ 21 പോയിന്റുകൾ അടങ്ങിയ ഇറ്റിനറിയാണ് പുറത്തുവന്നത്. ഫെബ്രുവരി 25-26 തീയതികളിലായിരുന്നു യാത്ര നടത്താനിരുന്നത്.

ജൂനിയർ ടെക്‌നിക്കൽ ഓഫീസർ മുതൽ ഡിവിഷണൽ എഞ്ചിനീയർ വരെ തസ്തികകളിലുള്ള 50 ഉദ്യോഗസ്ഥർക്കാണ് യാത്രയുടെ വിവിധ ഉത്തരവാദിത്തങ്ങൾ ഏൽപിച്ചിരുന്നത്. വിവിധ ക്ഷേത്രങ്ങളിലേക്കുള്ള സന്ദർശനവും സംഗമത്തിലെ സ്‌നാനവുമടക്കമുള്ള എല്ലാ കാര്യങ്ങളും ബൻസാലിന് ഏറ്റവും കംഫർട്ടായ രീതിയിൽ വേണം നടക്കാനെന്നും നിർദേശമുണ്ടായിരുന്നു.

എണ്ണയും ചീർപ്പും ടൂത്ത്‌പേസ്റ്റും ബ്രഷും മുതൽ അടിവസ്ത്രം വരെ തയ്യാറാക്കിവെക്കണമെന്നും നിർദേശത്തിലുണ്ടായിരുന്നു. കുളി കഴിഞ്ഞതിന് ശേഷം ആവശ്യമായ കാര്യങ്ങൾ ഒരുക്കേണ്ട ഉത്തരവാദിത്തം വരെ സീനിയർ ഉദ്യോഗസ്ഥർക്കായിരുന്നു. ഈ ഇറ്റിനറി സമൂഹമാധ്യമങ്ങളിൽ വൈറലയാതിന് പിന്നാലെ വ്യാപകമായ വിമർശനം ഉയരുകയായിരുന്നു.

Content Highlights: BSNL senior official whose prayagraj journey itinery went viral for being lavish gets backlash from centre

dot image
To advertise here,contact us
dot image