
ന്യൂഡല്‍ഹി: ഇസ്‌ലാമോഫോബിക് എഐ വീഡിയോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ അസം ബിജെപിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. 'അസം വിത്തൗട്ട് ബിജെപി' എന്ന പേരില്‍ അസം ബിജെപി എക്‌സില്‍ പങ്കുവെച്ച വീഡിയോയ്ക്കാണ് സുപ്രീംകോടതി നോട്ടീസയച്ചിരിക്കുന്നത്. അസമില്‍ ബിജെപി ഇല്ലെങ്കില്‍ മുസ്‌ലിം മതവിശ്വാസികളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കും, ബീഫ് നിയമവിധേയമാകും, നഗരങ്ങള്‍ മുസ്‌ലിം മതവിശ്വാസികള്‍ കയ്യടക്കും എന്നൊക്കെയാണ് ബിജെപി പ്രചരിപ്പിച്ച എഐ വീഡിയോയില്‍ പറയുന്നത്. രാജ്യത്തുടനീളമുളള വിദ്വേഷ പ്രസംഗങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലിയും മുതിര്‍ന്ന അഭിഭാഷക അഞ്ജന പ്രകാശും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നോട്ടീസ്.
അസം ബിജെപി ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യാജ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ബിജെപി ബാധ്യസ്ഥരാണെന്നും അവരുടെ ഔദ്യോഗിക അക്കൗണ്ടില്‍ പ്രചരിച്ച വീഡിയോ മുസ്‌ലിങ്ങളെ പരസ്യമായി ലക്ഷ്യംവയ്ക്കുകയും അധിക്ഷേപിക്കുകയും പൈശാചികവത്കരിക്കുകയും ചെയ്യുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഒരു സംസ്ഥാനത്തിന് ഉണ്ടാകാവുന്ന ഏറ്റവും മോശം വിധി മുസ്‌ലിങ്ങള്‍ അതിന്റെ ഭരണം ഏറ്റെടുക്കുക എന്നതാണ്, ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനം അതില്‍ നിന്ന് രക്ഷപ്പെടും എന്നാണ് ബിജെപി പറഞ്ഞുവെയ്ക്കുന്നത്. സാമുദായിക സംഘര്‍ഷവും അശാന്തിയും ശത്രുതയും തടയുന്നതിനായി വീഡിയോ നീക്കം ചെയ്യണമെന്നാണ് ആവശ്യം. വീഡിയോയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും നേരത്തെ പരാതി നല്‍കിയിരുന്നു.
വീഡിയോയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമർശനമുയർന്നിരുന്നു. 'അസമില്‍ ബിജെപി ഇല്ലെങ്കില്‍ ബീഫ് നിയമവിധേയമാക്കും. പാകിസ്താന്‍ ലിങ്ക് പാര്‍ട്ടിയുണ്ടാകും. ഗുവാഹത്തി എയര്‍പോര്‍ട്ടും അക്കോലാന്‍ഡും സ്‌റ്റേഡിയവും രംഗ് ഘറും ഗുവാഹത്തി നഗരവും മുസ്‌ലിം മതവിശ്വാസികള്‍ കയ്യടക്കും. നുഴഞ്ഞുകയറ്റം വര്‍ധിക്കും. ജനസംഖ്യയുടെ 90 ശതമാനവും മുസ്‌ലിങ്ങളാകും. അതിനാല്‍ കരുതലോടെ വോട്ട് ചെയ്യണം': എന്നാണ് ബിജെപി പുറത്തിറക്കിയ എ ഐ വീഡിയോയില്‍ പറയുന്നത്. പാകിസ്താന്‍ ബന്ധമുളള പാര്‍ട്ടി എന്ന തരത്തില്‍ കാണിച്ച ദൃശ്യങ്ങളില്‍ രാഹുല്‍ ഗാന്ധി ഒരു ഉദ്യോഗസ്ഥന് അരികില്‍ നില്‍ക്കുന്നതും കാണിച്ചിരുന്നു. ഇത് പാകിസ്താനുമായി ബന്ധമുളള പാര്‍ട്ടിയായി കോണ്‍ഗ്രസിനെ ചിത്രീകരിക്കുന്നതാണെന്നും ആരോപണമുയർന്നിരുന്നു.
Content Highlights: Supreme Court issues notice to Assam BJP on plea seeking withdrawal of Islamophobic AI video