
ഷിംല: ഹിമാചല്‍പ്രദേശില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 15 പേര്‍ മരിച്ചു. ബിലാസ്പൂര്‍ ജില്ലയില്‍ രാത്രിയോടെ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിലാണ് അപകടമുണ്ടായത്. മണ്ണും പാറക്കെട്ടുകളും ബസിന് മുകളിലേക്ക് ഇടിഞ്ഞ് വീണതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ബിലാസ്പൂരിലെ ഭാലുഘട്ടിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസിന് മുകളിലേക്ക് മലയിടുക്കില്‍ നിന്ന് മണ്ണും പാറക്കെട്ടുകളും പതിക്കുകയായിരുന്നു. നിലവില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേരെ പുറത്തെടുത്തതായാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ബസില്‍ 30ഓളം യാത്രക്കാർ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മരോട്ടന്‍- കലൗള്‍ റൂട്ടില്‍ സഞ്ചരിക്കുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പൊലീസ്, അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ അതോറിറ്റി, പ്രദേശവാസികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് ഹിമാചലിന്റെ വിവധ ഭാഗങ്ങളില്‍ പെയ്യുന്നത്. സംസ്ഥാനത്ത് എല്ലാ നദികളും കരകവിഞ്ഞൊഴുകുന്ന സാഹചര്യമാണുള്ളത്.
ബസ് അപകടത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് അൻപതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight; 15 Killed as Landslide Hits Bus in Himachal Pradesh