
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് ചിദംബരം. മുംബൈ ഭീകരാക്രമണത്തിന് യുപിഎ സര്‍ക്കാര്‍ മറുപടി നല്‍കാത്തത് അമേരിക്കയടക്കമുള്ളവരുടെ രാജ്യാന്തര സമ്മര്‍ദ്ദം മൂലമെന്ന് ചിദംബരം പറഞ്ഞു. മുതിര്‍ന്ന നയതന്ത്രജ്ഞരും സമ്മര്‍ദം ചെലുത്തിയെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം യുദ്ധം തുടങ്ങരുതെന്ന് ലോകം മുഴുവന്‍ പറഞ്ഞെന്നും ഒരു ഹിന്ദി ന്യൂസ് ചാനലിനോട് പറഞ്ഞു.
താന്‍ ചുമതലയേറ്റ് രണ്ട് മൂന്ന് ദിവസത്തിന് ശേഷം മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കൊണ്ടോലീസ റൈസ് തന്നെയും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും വന്ന് കണ്ടെന്നും പ്രതികരിക്കരുതെന്ന് പറയുകയും ചെയ്‌തെന്ന് ചിദംബരം പറഞ്ഞു. ഇത് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനമാണെന്ന് താന്‍ പറഞ്ഞെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
'ആക്രമണം നടക്കുമ്പോഴും പ്രധാനമന്ത്രി പ്രതികാര സൈനിക നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അവസാനം വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിന്റെയും (ഐഎഫ്എസ്) പ്രേരണ കാരണം പ്രതികരിക്കാന്‍ തയ്യാറായില്ല. എനിക്ക് തിരിച്ചടിക്കണം എന്നുണ്ടായിരുന്നു. സര്‍ക്കാര്‍ പതിയെ സൈനിക നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു', ചിദംബരം പറഞ്ഞു.
ചിദംബരത്തിന്റെ പരാമര്‍ശം ഏറ്റെടുത്തിരിക്കുകയാണ് ബിജെപി. ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ചിദംബരത്തിന്റെ അഭിമുഖത്തില്‍ നിന്നുള്ള ഭാഗം വെട്ടിയെടുത്ത് എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിദേശ ശക്തികളുടെ സമ്മര്‍ദം മൂലമാണ് മുംബൈ ഭീകരാക്രമണം തെറ്റായി കൈകാര്യം ചെയ്തതെന്ന രാജ്യത്തിന് അറിയാവുന്ന കാര്യം 17 വര്‍ഷങ്ങള്‍ക്ക് ശേഷം ചിദംബരം സമ്മതിച്ചെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇത് വളരെ വൈകിയെന്നും അദ്ദേഹം പരിഹസിച്ചു.
After 17 years, Chidambaram, Former Home Minister admits what the nation knew — 26/11 was mishandled due to pressure from foreign powers. Too little, too late.#CongressFailedNationalSecurity pic.twitter.com/bbWWM5X5gu
— Pralhad Joshi (@JoshiPralhad) September 29, 2025
സംഭവത്തില്‍ സോണിയാ ഗാന്ധിക്കെതിരെ ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല വിമര്‍ശിച്ചു. 'എന്തിനാണ് യുപിഎ അവരില്‍ (കോണ്ടസോല) നിന്ന് ഉത്തരവുകള്‍ സ്വീകരിച്ചത്? എന്തുകൊണ്ടാണ് സോണിയാ ഗാന്ധിക്ക് ആഭ്യന്തര മന്ത്രിയേക്കാള്‍ സ്ഥാനം ലഭിച്ചത്? ഷെഹ്‌സാദ് പൂനാവാല ചോദിച്ചു. കോണ്‍ഗ്രസ് ചെയ്ത പാപങ്ങള്‍ക്ക് രാജ്യം കനത്ത വില നല്‍കേണ്ടിവന്നെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. കാലം മാറി, ഇനി ഇന്ത്യ ഒരു ഭീകരാക്രമണത്തെയും അനുവദിക്കില്ല എന്നും റിജിജു കൂട്ടിച്ചേര്‍ത്തു.
Content Highlights: Chidambaram says India did not respond Mumbai attacks due to international pressure