
ന്യൂഡൽഹി: കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ തിരക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് പിന്നാലെ അധ്യക്ഷൻ വിജയ്‌യെയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും ഫോണിൽ വിളിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപി. രാഹുലുമായി സംസാരിച്ചതായി സ്റ്റാലിൻ എക്സിലൂടെ വ്യക്തമാക്കി. എന്നാൽ വിജയ് ഇതുസംബന്ധിച്ച ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇരുവരും 15 മിനിറ്റോളം ഫോണിൽ സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി പ്രവർത്തകരുടെ മരണത്തിൽ രാഹുൽ വിജയ്‌യെ അനുശോചനം അറിയിച്ചു. സ്റ്റാലിനോട് രാഹുൽ ഗാന്ധി ദുരന്തത്തെ കുറിച്ചും ചികിത്സയിലുള്ളവരെ കുറിച്ചും ചോദിച്ചറിഞ്ഞു. ദുരന്തത്തിൽ അനുശോചനമറിയിച്ച രാഹുൽ ഗാന്ധി ആത്മാർത്ഥമായ പ്രതികരണം നടത്തിയെന്നും സ്റ്റാലിൻ കുറിച്ചു.
അതേസമയം, കരൂർ ദുരന്തത്തിൽ മരണസംഖ്യ 41ആയി ഉയർന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. റാലിയിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. അവിടെ കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായതെന്നാണ് വിവരം.
കരൂർ ദുരന്തത്തിൽ ടിവികെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടിവികെ അപ്പീൽ നൽകി. സിസിടിവിയും രേഖകളും സംരക്ഷിക്കണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി ഹർജി പരിണിക്കും. ടിവികെ നേതാക്കൾക്ക് സുരക്ഷയൊരുക്കാൻ സർക്കാർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലാ സെക്രട്ടറിമാർക്കും സുരക്ഷ വർദ്ധിപ്പിക്കാനാണ് നിർദേശം.
ജനങ്ങളുടെ ദേഷ്യം കാരണമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നിർദ്ദേശമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ തുടർന്ന് നടന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സേനയുടെ ഒരു സംഘം കൂടി വിജയ്യുടെ വീട്ടിലെത്തിയതായാണ് വിവരം. ദുരന്തമുണ്ടായതിന് ശേഷം നടൻ അൽപം മുമ്പ് വീട്ടിൽ നിന്നും പുറത്തിറങ്ങി. ചെന്നൈ നീലാങ്കരൈ വീട്ടിൽ നിന്നും പട്ടിനമ്പാക്കത്തേക്ക് തിരിച്ചു. ദുരന്തഭൂമിയായി മാറിയ കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയിരുന്നെങ്കിലും പൊലീസ് നിഷേധിച്ചു. ഇന്നലെ രാത്രി വിജയ് പൊലീസുമായി സംസാരിച്ചെന്ന് ടിവികെ അറിയിച്ചു. പൊലീസ് അനുമതി നിഷേധിച്ചതിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ടിവികെ.
Content Highlights: Rahul Gandhi calls Vijay and Stalin on phone