മമ്മൂട്ടി വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക്, മോഹൻലാൽ ചിത്രം കഴിഞ്ഞാൽ അടുത്തത് നിതീഷ് സഹദേവ് സിനിമയിലേക്കോ?

മോഹൻലാൽ ചിത്രം കഴിഞ്ഞാൽ മമ്മൂട്ടി അടുത്തത് നിതീഷ് സഹദേവ് സിനിമയിലേക്കോ ?

മമ്മൂട്ടി വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക്, മോഹൻലാൽ ചിത്രം കഴിഞ്ഞാൽ അടുത്തത് നിതീഷ് സഹദേവ് സിനിമയിലേക്കോ?
dot image

7 മാസത്തെ വിശ്രമത്തിന് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. നടന്റെ ആരോഗ്യം തൃപ്തികരമാണെന്ന് അറിയിച്ചു കൊണ്ടുള്ള നിർമാതാവ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പുറകെ ആവേശത്തിലാണ് ആരാധകർ. മമ്മൂട്ടിയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴിതാ, അടുത്ത മാസം മമ്മൂട്ടി മഹേഷ് നാരായണൻ സെറ്റിലേക്ക് എത്തുമെന്നും ആന്റോ ജോസഫ് അറിയിച്ചിട്ടുണ്ട്. ഈ വാർത്ത കൊണ്ടാടുകയാണ് മമ്മൂട്ടി ആരാധകർ.

മഹേഷ് നാരായൺ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് നടൻ അസുഖ ബാധിതനായത്. ഇതേ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ലൈൻ അപ്പുകളാണ് ചർച്ചയാകുന്നത്. മഹേഷ് നാരായണൻ സിനിമയ്ക്ക് ശേഷം നിതീഷ് സഹദേവ് സിനിമയുടെ സെറ്റിലേക്ക് മമ്മൂട്ടി എത്തുമെന്നാണ് പ്രതീക്ഷ. ചിത്രത്തിൽ മമ്മൂട്ടിയിടെ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ വ്യത്യസ്തമായ ഒരു സ്ലാങ്ങിൽ ആവും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയും, കാവ്യാ ഫിലിംസും ചേർന്നാണ്. ഈ വർഷം ആദ്യമായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ ചെയ്യുന്നതായി നിതീഷ് സഹദേവ് അറിയിച്ചത്. സൂപ്പർഹിറ്റ് കോമഡി റോഡ് മൂവി ഫാലിമിക്ക് ശേഷം നിതിഷ് ഒരുക്കുന്ന സിനിമയാണിത്.

കളങ്കാവലാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സിനിമയുടെ ഇതുവരെ പുറത്തുവിട്ട അപ്ഡേറ്റുകൾക്ക് എല്ലാം മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തില്‍ വിനായകനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

അതേസമയം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ‌താര തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. ചിത്രത്തിന്റെ ടീസർ കട്ട് കഴിഞ്ഞെന്നും ഒക്ടോബർ ആദ്യ വാരത്തിൽ സിനിമയുടെ ടീസർ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ട്രാക്കർമാരുടെ റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. യുകെയിലും കേരളത്തിലുമായിട്ടാണ് സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങൾ ഇനി ചിത്രീകരിക്കാനുള്ളത്. മോഹൻലാലിന് ഇനി 20 ദിവസത്തോളം ചിത്രീകരണം ബാക്കിയുണ്ടെന്നാണ് റിപ്പോർട്ട്.

80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ്‌ നാരായണൻ തന്നെയാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍. ശ്രീലങ്ക, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്.

Content Highlights: Mammootty back in the shooting frenzy

dot image
To advertise here,contact us
dot image