
ന്യൂഡല്‍ഹി: ലഡാക്ക് പ്രതിഷേധത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്ക് ബിജെപിയുടെയും ആര്‍എസ്എസിന്റെ ആക്രമണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
'ലഡാക്കിലെ അത്ഭുതകരമായ മനുഷ്യര്‍, സംസ്‌കാരം, പാരമ്പര്യം എന്നിവ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആക്രമണത്തിലാണ്. ലഡാക്ക് സ്വന്തം ശബ്ദത്തിന് വേണ്ടിയാണ് പോരാടുന്നത്. ബിജെപി നാല് പേരെ കൊലപ്പെടുത്തിയും സോനം വാങ്ചുകിനെ ജയിലിലടച്ചുമാണ് പ്രതികരിച്ചത്', അദ്ദേഹം എക്‌സില്‍ കുറിച്ചു. കൊലയും അക്രമവും ഭീഷണിപ്പെടുത്തലും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ലഡാക്കിന് ശബ്ദം നല്‍കൂവെന്നും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിപിഐഎം പൊളിറ്റ് ബ്യൂറോയും രംഗത്തെത്തിയിരുന്നു. ദേശീയ സുരക്ഷാ നിയമം എന്ന കിരാത നിയമം അദ്ദേഹത്തിനെതിരെ ചുമത്തിയത് പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും പൊളിറ്റ് ബ്യൂറോ ആരോപിച്ചിരുന്നു.
ബുധനാഴ്ചയായിരുന്നു ലഡാക്കിന് സ്വതന്ത്ര പദവി നല്‍കണമെന്നാവശ്യപ്പെട്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 50 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 50 പേരെ അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സ്റ്റാന്‍സിന്‍ സെവാങ്ങിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ നേപ്പാളാക്കാന്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു എന്നായിരുന്നു ബിജെപിയുടെ ആരോപണം. പ്രശ്‌നം പരിഹരിക്കുന്നതിന് പകരം രാഹുല്‍ ഗാന്ധിയുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചിരുന്നു.
Content Highlights: Rahul Gandhi against BJP and RSS says Ladakh must include 6th shedule