
7 മാസത്തെ വിശ്രമത്തിന് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ വരവ് അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ച് നിർമാതാവ് ആന്റോ ജോസഫ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ മമ്മൂക്ക എത്തുമെന്ന് ആന്റോ ജോസഫ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച് അറിയിച്ചു.
'പ്രിയപ്പെട്ട മമ്മൂക്ക വരുന്നു… മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ.
ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും,' ആന്റോ ജോസഫ് പറഞ്ഞു.
മഹേഷ് നാരായൺ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് മമ്മൂട്ടി അസുഖ ബാധിതനായത്. ഇതേ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. ചിത്രത്തിന്റെ ടീസർ കട്ട് കഴിഞ്ഞെന്നും ഒക്ടോബർ ആദ്യ വാരത്തിൽ സിനിമയുടെ ടീസർ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ട്രാക്കർമാരുടെ റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. യുകെയിലും കേരളത്തിലുമായിട്ടാണ് സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങൾ ഇനി ചിത്രീകരിക്കാനുള്ളത്. മോഹൻലാലിന് ഇനി 20 ദിവസത്തോളം ചിത്രീകരണം ബാക്കിയുണ്ടെന്നാണ് റിപ്പോർട്ട്.
80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ് നാരായണൻ തന്നെയാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.
ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍. ശ്രീലങ്ക, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്.
Content Highlights: Anto Joseph says Mammootty will join Mahesh Narayan's set next month