
ന്യൂഡല്‍ഹി: അയോധ്യ വിധിയില്‍ വിവാദ പരാമര്‍ശവുമായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്ന വാദത്തെ ന്യായീകരിച്ചാണ് ചന്ദ്രചൂഡിന്‍റെ അഭിപ്രായ പ്രകടനം. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നതിന് തെളിവില്ല എന്നായിരുന്നു സുപ്രീംകോടതി വിധി. ഈ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ഇപ്പോള്‍ ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് പൊളിച്ചതെന്ന വാദവുമായി ചന്ദ്രചൂഡ് രംഗത്തെത്തിയത്.
ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ട് ഉണ്ടെന്നാണ് ചന്ദ്രചൂഡിന്റെ പുതിയ അവകാശവാദം. ന്യൂസ് ലോണ്ട്‌റിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്ദചൂഡിന്റെ വിവാദ പരാമര്‍ശം. ചരിത്രം മറന്നോയെന്നും നമ്മുടെ മുന്നില്‍ ആര്‍ക്കിയോളജിക്കല്‍ തെളിവ് ഉണ്ടാകുമ്പോള്‍ എങ്ങനെ കണ്ണടക്കുമെന്നും ചന്ദ്രചൂഡ് അഭിമുഖത്തില്‍ ചോദിക്കുന്നു.
The "very erection" of Babri mosque was the "fundamental act of desecration", DY Chandrachud tells me.
— Sreenivasan Jain (@SreenivasanJain) September 24, 2025
A startling statement -- all the more given the verdict he co-authored clearly says no evidence was supplied to show if the earlier structure was demolished to build a… pic.twitter.com/wyEj7UMgqq
'നിങ്ങള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ചരിത്രം മാത്രമാണ് എടുക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ടില്‍ തെളിവുണ്ട്. വിധിയെ വിമര്‍ശിക്കുന്നവര്‍ പള്ളിയുടെ ചരിത്രം മറക്കുകയാണ്. ചരിത്രത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ് അവര്‍ നോക്കുന്നത്. ജഡ്ജ്‌മെന്റ് വിശ്വാസത്തെ മുന്‍നിര്‍ത്തിയാണെന്നും തെളിവിനെ ആസ്പദമാക്കിയല്ലെന്നുമുള്ള വിമര്‍ശനമുണ്ട്. അവര്‍ ജഡ്ജ്‌മെന്റ് വായിച്ചിട്ടുണ്ടാവില്ല. നിങ്ങള്‍ക്ക് ജഡ്ജ്‌മെന്റിനെ അംഗീകരിക്കാനും നിരസിക്കാനുമുള്ള അവകാശമുണ്ട്', ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
നേരത്തെയും അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഡി വൈ ചന്ദ്രചൂഡിന്റെ പരാമര്‍ശം വിവാദമായിരുന്നു. അയോധ്യ കേസില്‍ പരിഹാരം കണ്ടെത്താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്ന വാദം ചന്ദ്രചൂഡ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ വാദം നേരത്തെ ബിബിസിയുമായുള്ള അഭിമുഖത്തില്‍ ചന്ദ്രചൂഡ് തള്ളിയിരുന്നു. തന്റെ പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും അത് തെറ്റാണെന്ന് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു.
Content Highlights: D Y Chandrachood controvesial statment about Babri Masjid