ശിവം ദുബെയെ മൂന്നാമത് ഇറക്കിയത് എന്തിന്? വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്

ഈ പരീക്ഷണം വിജയിച്ചില്ലെങ്കിലും അവസരം ലഭിച്ചാല്‍ ഈ നീക്കം ആവര്‍ത്തിക്കു‌മെന്നും സൂര്യ വ്യക്തമാക്കി

ശിവം ദുബെയെ മൂന്നാമത് ഇറക്കിയത് എന്തിന്? വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്
dot image

ബംഗ്ലാദേശിനെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ ഒരുപാട് പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തിയിരുന്നത്. ഓള്‍റൗണ്ടര്‍ ശിവം ദുബെയെ മൂന്നാമതായി ബാറ്റിങ്ങിനിറക്കിയതായിരുന്നു അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മാറ്റങ്ങളിലൊന്ന്. ഏഴാം ഓവറില്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ പുറത്തായപ്പോഴാണ് മൂന്നാം നമ്പറില്‍ ദുബെയെ ഇറക്കിയത്.

സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍ എന്നീ മുന്‍നിര ബാറ്റര്‍മാരെ താഴേയ്ക്ക് മാറ്റി ദുബെയെ പരീക്ഷിച്ചെങ്കിലും പദ്ധതി പാളി. മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത ദുബെയ്ക്ക് അതിവേ​ഗം ക്രീസ് വിടേണ്ടിവന്നു. ഒൻപതാം ഓവറിലെ ആദ്യപന്തിൽ റിഷാദ് ഹുസൈനെ തൂക്കിയടിക്കാനുള്ള ശ്രമത്തില്‍ താരത്തെ തൗഹിദ് ഹൃദോയ് കൈകളിലൊതുക്കുകയായിരുന്നു.

ഇപ്പോഴിതാ ​ദുബെയെ വൺഡൗൺ ഇറക്കിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. റിഷാദ് ഹുസൈനെ പോലുള്ള ബംഗ്ലാദേശ് സ്പിന്നര്‍മാരെ നേരിടുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ വിശദീകരിച്ചു. ഈ പരീക്ഷണം വിജയിച്ചില്ലെങ്കിലും അതില്‍ നിന്ന് പിന്മാറില്ലെന്നും അവസരം ലഭിച്ചാല്‍ ഈ നീക്കം ആവര്‍ത്തിക്കു‌മെന്നും സൂര്യ വ്യക്തമാക്കി.

"ബം​ഗ്ലാദേശിന്റെ ബൗളിംഗ് നിര നോക്കുമ്പോൾ അവർക്ക് ഒരു ഇടംകൈയ്യൻ സ്പിന്നറും ഒരു ലെഗ് സ്പിന്നറും ഉണ്ടായിരുന്നു, അതിനാല്‍ 7 മുതല്‍ 15 വരെയുള്ള ഓവറുകളില്‍ അവരെ നേരിടാന്‍ ദുബെ അനുയോജ്യനായിരുന്നു എന്നാണ് ഞാൻ‌ കരുതിയത്. അത് ഇന്ന് വിജയിച്ചില്ല. പക്ഷേ ഇനിയുള്ള മത്സരങ്ങളിൽ അതിനുള്ള അവസരം ലഭിച്ചാല്‍ ഞങ്ങള്‍ വീണ്ടും ശ്രമിക്കും", മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ സൂര്യകുമാര്‍ പറഞ്ഞു.

Content Highlights: IND vs BAN: Why India Sent Shivam Dube At No. 3? Suryakumar Yadav Explains

dot image
To advertise here,contact us
dot image