ലഡാക്ക് പ്രതിഷേധത്തിൽ വാങ്ചുക്കിനെ പഴിച്ച് കേന്ദ്രം, പ്രകോപന പ്രസ്താവനകൾ ജനക്കൂട്ടത്തെ നയിച്ചെന്ന് വിമര്‍ശനം

'അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധത്തെകുറിച്ചും നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങളെ കുറിച്ചും പ്രകോപനപരമായ പരാമർശങ്ങൾ നടത്തി ജനങ്ങളെ വാങ്ചുക്ക് തെറ്റിദ്ധരിപ്പിച്ചു'

ലഡാക്ക് പ്രതിഷേധത്തിൽ വാങ്ചുക്കിനെ പഴിച്ച് കേന്ദ്രം, പ്രകോപന പ്രസ്താവനകൾ ജനക്കൂട്ടത്തെ നയിച്ചെന്ന് വിമര്‍ശനം
dot image

ലേ: സംസ്ഥാന പദവി ആവശ്യമുന്നയിച്ച് ലഡാക്കിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രക്ഷോഭത്തിൽ സാമൂഹ്യപ്രവർത്തകനായ സോനം വാങ്ചുക്കിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ. നിരാഹാര സമരം പിൻവലിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടും അത് തുടർന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ ആരോപണം. അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധത്തെകുറിച്ചും നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങളെ കുറിച്ചും പ്രകോപനപരമായ പരാമർശങ്ങൾ നടത്തി ജനങ്ങളെ വാങ്ചുക്ക് തെറ്റിദ്ധരിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

സോനം വാങ്ചുക്കിന്റെ പ്രകോപന പ്രസ്താവനകളാണ് ജനക്കൂട്ടത്തെ നയിച്ചതെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രക്ഷോഭകാരികൾ പൊലീസ് വാഹനത്തിന് തീയിട്ടു. മുപ്പതോളം പൊലീസുകാർക്ക് പരിക്കേറ്റു. എന്നാൽ സംഘർഷം അവസാനിപ്പിക്കാൻപോലും മുൻകൈ എടുക്കാതെ വാങ്ചുക്ക് തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു.

അതേസമയം ലഡാക്കിലെ ലേ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്തയാണ് കർഫ്യൂ ഏർപ്പെടുത്തിയകാര്യം അറിയിച്ചത്. കലാപമുണ്ടാക്കുന്നവരെ തടയണമെന്ന് രാഷ്ട്രീയ പാർട്ടികളോടും മതവിഭാഗങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാവരും സമാധാനം പാലിക്കണമെന്നും ലെഫ്റ്റനന്റ് ഗവർണർ ആവശ്യപ്പെട്ടു.

ലേയിൽ നടന്ന പ്രതിഷേധത്തിൽ ലേ അപെക്സ് ബോഡിയുടെ യുവജന വിഭാഗം ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസ് കത്തിക്കുകയും ചെയ്തതോടെ പ്രതിഷേധ അക്രമാസക്തമാകുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ ലേ ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. ഈ സമരത്തിന് പിന്തുണയേകാനാണ് യുവജനങ്ങൾ തെരുവിലിറങ്ങിയത്. അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയതതിന് പിന്നാലെ വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു. അക്രമത്തിലൂടെ ഒന്നും നേടാനാകില്ലെന്നും സമാധാനം പാലിക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം യുവാക്കളോട് എക്‌സിലൂടെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം വിഷയത്തിൽ കോൺഗ്രസിന് എതിരെ വിമർശനം കടുപ്പിച്ചിരിക്കയാണ് ബിജെപി.'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിൽ രാഹുൽ ഗാന്ധിയാണെന്നാണ് വിമർശനം. ലഡാക്കിൽ ബിജെപിയുടെ ഓഫീസ് തീവെച്ച് നശിപ്പിച്ചത് രാഹുലിന്റെ പാർട്ടിയിലെ 'ജെൻ സി'യാണെന്നും കോൺഗ്രസിന്റെ വാർഡ് മെമ്പറാണെന്നുമായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെയുടെ പ്രതികരണം. രാജ്യത്തെ യുവാക്കളും വിദ്യാർഥികളും ജെൻ സികളും ഭരണഘടനയെ സംരക്ഷിക്കുമെന്നുറപ്പുണ്ടെന്ന രാഹുലിന്റെ മുൻ പരാമർശത്തെ കൂടി വിമർശിച്ചായിരുന്നു ദുബെയുടെ പ്രസ്താവന. തീ കൊണ്ട് കളിക്കുന്നതിന്റെ അനന്തരഫലം എന്തായിരിക്കുമെന്നും ബിജെപി പ്രവർത്തകരെ വെല്ലുവിളിക്കുന്നത് നിർത്തൂവെന്നും ദൂബെ എക്സിൽ കുറിച്ചു.

രാജ്യത്തെ നേപ്പാളാക്കാൻ ശ്രമം നടന്നുവെന്നാണ് സംബിത് പത്ര പറഞ്ഞത്. ജോർജ് സോറോസുമായി രാഹുൽ ഗൂഢാലോചന നടത്തി എന്നാണ് ആരോപണം.ലഡാക്ക് സംഘർഷത്തെ പിന്തുണച്ച് ഒമർ അബ്ദുല്ലയും മെഹബൂബ മുഫ്തിയും രംഗത്തുവന്നു. സംസ്ഥാന പദവി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കേന്ദ്രം വഞ്ചിച്ചെന്നും സംഘർഷങ്ങൾക്ക് ഉത്തരവാദി കേന്ദ്ര സർക്കാർ ആണെന്നുമാണ് വിമർശനം.

Content Highlights: The central government has blamed Sonam Wangchuck for the protests that took place in Ladakh

dot image
To advertise here,contact us
dot image