ജോർജുകുട്ടിയും കുടുംബവും റെഡി ഒപ്പം തൊടുപുഴയിലെ അവരുടെ വീടും, ഷൂട്ടിംഗ് തുടങ്ങിയാൽ ഉടമസ്ഥർ ഒരു മുറിയിൽ

തൊടുപുഴയിലെ വഴിത്തല മടത്തിപ്പറമ്പിൽ ജോസഫ് കുരുവിളയുടെ വീട്ടിലാണ് രണ്ട് ഭാഗങ്ങളും ഷൂട്ട് ചെയ്തത്.

ജോർജുകുട്ടിയും കുടുംബവും റെഡി ഒപ്പം തൊടുപുഴയിലെ അവരുടെ വീടും, ഷൂട്ടിംഗ് തുടങ്ങിയാൽ ഉടമസ്ഥർ ഒരു മുറിയിൽ
dot image

ദൃശ്യം സിനിമയിലെ ജോർജുകുട്ടിയുടെ വീട് എല്ലാവർക്കും സുപരിചിതമാണ്. തൊടുപുഴയിലെ വഴിത്തല മടത്തിപ്പറമ്പിൽ ജോസഫ് കുരുവിളയുടെ വീട്ടിലാണ് രണ്ട് ഭാഗങ്ങളും ഷൂട്ട് ചെയ്തത്. ഇപ്പോൾ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സിനിമ പ്രവർത്തകരുടെ മേൽനോട്ടത്തിൽ പെയ്ന്റിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി.

2013ലാണ് ദൃശ്യം ആദ്യഭാഗത്തിന്റെ ഷൂട്ടിങ്ങിനായി ജോസഫ് കുരുവിള വീട് നൽകിയത്. ജീത്തു ജോസഫ് നേരിട്ടെത്തിയാണ് ഷൂട്ടിങ്ങിനായി വേഡ് ചോദിച്ചത്. ഷൂട്ടിങ് തുടങ്ങിയാൽ വീടിനുള്ളിലെ ഒരു മുറിയിൽ മാത്രമാകും ജോസഫും കുടുംബാംഗങ്ങളും താമസിക്കുക ബാക്കി സ്ഥലങ്ങൾ സിനിമയുടെ ഷൂട്ടിങ്ങിനായി വിട്ടുനൽകും. ജോസഫിനും കുടുംബത്തിനുമുള്ള ആഹാരം സിനിമ കന്റീനിൽ നിന്നാണ് ഏർപ്പാടാക്കുന്നത്.

വാഗമൺ മേഖലകളിലും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. തൊടുപുഴയിൽ 30 ദിവസത്തെ ഷെഡ്യൂൾ ആണ് നിലവിൽ ഉള്ളത്. ഈ ആഴ്ച തുടക്കത്തിൽ ആരംഭിക്കാനിരുന്ന ഷൂട്ടിങ് മോഹൻലാലിന്റെ പുരസ്കാരച്ചടങ്ങിനെ തുടർന്ന് നീട്ടുകയായിരുന്നു. ഇന്ന് രാത്രിയോടെ മോഹൻലാൽ ഷൂട്ടിങ്ങിനായി തൊടുപുഴയിൽ എത്തുമെന്നാണ് സൂചന.

മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Content Highlights: Drishyam 3 cast and crew ready for shooting georgekuttys house also

dot image
To advertise here,contact us
dot image