തെരഞ്ഞെടുപ്പ് ലക്ഷ്യം? 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകാൻ ബിഹാർ സർക്കാർ, പ്രധാനമന്ത്രി പണം കൈമാറും

മോദി നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക

തെരഞ്ഞെടുപ്പ് ലക്ഷ്യം? 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകാൻ ബിഹാർ സർക്കാർ, പ്രധാനമന്ത്രി പണം കൈമാറും
dot image

പാട്‌ന: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ സ്ത്രീകള്‍ക്ക് വ്യാപാരം തുടങ്ങാന്‍ സാമ്പത്തിക സഹായവുമായി ബിഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജനയുടെ കീഴില്‍ 75 ലക്ഷം സ്ത്രീകള്‍ക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ 7500 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറും.

നാളെ പാട്‌നയില്‍ നടക്കുന്ന പരിപാടിയില്‍ മോദി 75 ലക്ഷം അര്‍ഹരായ സ്ത്രീകള്‍ക്ക് 10000 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസ് വ്യക്തമാക്കി. മോദി നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക.

ഇതുവരെ സ്ത്രീകളില്‍ നിന്ന് 1.11 കോടി അപേക്ഷകള്‍ റൂറല്‍ വികസന വകുപ്പിലേക്കെത്തിയിട്ടുണ്ട്. ഗ്രാമീണ സ്ത്രീകള്‍ക്ക് തൊഴില്‍ അവസരം നല്‍കുകയും അതിലൂടെ സാമ്പത്തികമായി ശാക്തീകരണം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തികമായി പിന്നാക്കമുള്ള സ്ത്രീകള്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന.

സ്ഥിര വരുമാനമില്ലാത്തവര്‍ക്കും മുന്‍ഗണനയുണ്ട്. 18 മുതല്‍ 60 വരെ വയസുള്ള സ്ത്രീകള്‍ക്കാണ് പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കുക. കഴിഞ്ഞ മാസം 29നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പദ്ധതി അംഗീകരിച്ചത്. ആറ് മാസത്തെ അവലോകനത്തിന് ശേഷം അര്‍ഹരായ സ്ത്രീ സംരംഭകര്‍ക്ക് രണ്ട് ലക്ഷം രൂപ അധികം നല്‍കാനും തീരുമാനമായിട്ടുണ്ട്. സംരംഭം ആരംഭിച്ചാല്‍ ആദ്യം നല്‍കുന്ന 10000 രൂപ തിരികെ നല്‍കേണ്ട ആവശ്യവുമില്ല.

സെപ്റ്റംബര്‍ 22ന് നിതീഷ് കുമാര്‍ തന്നെ പണം അക്കൗണ്ടിലേക്ക് നല്‍കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിഹാര്‍ ബിജെപി നേതാവാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ പരിപാടി നാളത്തേക്ക് മാറ്റുകയായിരുന്നു.
Content Highlights: Bihar government give Rs 10,000 each to 75 women PM Narendra Modi to hand over money

dot image
To advertise here,contact us
dot image