
ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡിന്റെ നിറവില്‍ നില്‍ക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ വീണ്ടും സംവിധാനം ചെയ്യുമോയെന്ന ആകാംക്ഷയിലാണ് ആരാധകരും സിനിമാപ്രേമികളും. അദ്ദേഹത്തോട് അതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ നേരിട്ടൊരു മറുപടി നല്‍കാതെ ഭാവിയിലേക്കുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുകയാണ് മോഹന്‍ലാല്‍. 'ഈ നിമിഷം എന്നോട് ചോദിച്ചാല്‍, എനിക്ക് ഇപ്പോള്‍ ഒന്നും പറയാനില്ല,' എന്ന് ചിരിയോടെ മോഹന്‍ലാല്‍ പറയുന്നു.
'ബറോസ്' എന്ന സിനിമയെ അദ്ദേഹം വിശേഷിപ്പിച്ചത് 'വളരെ വ്യത്യസ്തമായ ഒരു ചിന്ത' എന്നായിരുന്നു. സാധാരണ സിനിമകളില്‍ നിന്ന് മാറി 3D സാങ്കേതിക വിദ്യയില്‍ ഒരുക്കിയ ഒരു ദൃശ്യവിസ്മയമാണ് 'ബറോസ്'. 'ആരും ചെയ്യാത്ത ഒരു കാര്യമായിരുന്നു അത്.' ഒപ്പം, 'ആവശ്യമില്ലാത്ത ഒരു ചിന്ത' വീണ്ടും മനസ്സില്‍ വന്നാല്‍, താന്‍ അത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്, ഭാവിയില്‍ മറ്റൊരു മികച്ച പ്രോജക്റ്റിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല എന്നതിന്റെ സൂചന നല്‍കുന്നു.
പ്രേക്ഷകരെ ഫാന്റസിയുടെ മാന്ത്രിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഈ ചിത്രം, വാസ്‌കോ ഡ ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് പറയുന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഈ കഥാപരിസരം, സാങ്കേതികമായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ലോകോത്തര നിലവാരത്തിലുള്ള വിഷ്വല്‍ ഇഫക്ട്സും, പശ്ചാത്തല സംഗീതവും സിനിമയെ കൂടുതല്‍ ആകര്‍ഷകമാക്കി.
മോഹന്‍ലാല്‍ തന്നെയാണ് സിനിമയിൽ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിച്ചത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിച്ചു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം, താരത്തിന്റെ കരിയറിലെ തന്നെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു.
റിലീസിന് ശേഷം നെഗറ്റീവ് പ്രതികരണങ്ങളാണ് 'ബറോസ്' നേടിയതെങ്കിലും, ഒരു പരീക്ഷണ ചിത്രം എന്ന നിലയില്‍ മലയാള സിനിമാ ചരിത്രത്തില്‍ ഇതിനൊരു സ്ഥാനമുണ്ട്. ഹോളിവുഡ് ചിത്രങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും, ഇത് തന്റെ ടീമിന്റെ ഒരു എളിയ പരിശ്രമം മാത്രമാണെന്നും മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞിരുന്നു. ഒരു നടന്‍ എന്നതിനപ്പുറം, ഒരു സംവിധായകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന്റെ അടുത്ത നീക്കങ്ങള്‍ എന്തായിരിക്കുമെന്ന് അറിയാന്‍ സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം കൊച്ചിയില്‍ വച്ച് നടന്ന പ്രസ്സ് കോണ്‍ഫറന്‍സിലാണ് മോഹന്‍ലാല്‍ ഇതിനേക്കുറിച്ച് സംസാരിച്ചത്.
content highlights : Mohanlal about directing new film after Barroz