
പത്തനംതിട്ട: എൻഎസ്എസ് കരയോഗത്തിന് മുന്നിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ബാനർ.
പത്തനംതിട്ട വെട്ടിപ്പുറം എൻഎസ്എസ് കരയോഗം ഓഫീസിന് മുന്നിലാണ് ബാനർ. എൻഎസ്എസ് ജനറൽ സെക്രട്ടറി സമുദായത്തിന് നാണക്കേടാണെന്നും കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തിയെന്നും ബാനറിൽ പറയുന്നു.
ജനറൽ സെക്രട്ടറി പിണറായിക്ക് പാദസേവ ചെയ്യുകയാണ്. ജനറൽ സെക്രട്ടറി കട്ടപ്പയായി മാറിയെന്നും ബാനറിൽ പരിഹസിക്കുന്നു. ആരാണ് ബാനർ കെട്ടിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇന്ന് രാവിലെയാണ് ബാനർ പ്രത്യക്ഷപ്പെട്ടത്.
ശബരിമല വിഷയത്തിൽ എൻഎസ്എസ് എൽഡിഎഫിനൊപ്പമാണെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസിനെ വിമർശിച്ച സുകുമാരൻ നായർ കോൺഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
എൽഡിഎഫ് സർക്കാർ ആചാരം സംരക്ഷിക്കാൻ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തി. കോൺഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികൾ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എൽഡിഎഫ് സർക്കാർ സ്ത്രീപ്രവേശനം അനുവദിച്ചില്ല. അവർക്ക് വേണമെങ്കിൽ അത് ചെയ്യാമായിരുന്നു. ആചാരങ്ങൾ അതേ പോലെ നിലനിർത്തി. കേന്ദ്രത്തിലെ ബിജെപി സർക്കാർ ഒന്നും ചെയ്തില്ല. കോൺഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങൾ സംരക്ഷിക്കുമെന്നും എൻഎസ്എസിന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനൽകിയതെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
അതേസമയം, ജി സുകുമാരൻ നായരുടെ പ്രസ്താവനയിൽ ആശങ്കയിലാണ് യുഡിഎഫ്. എൻഎസ്എസിനെ അനുനയിപ്പിക്കാനാണ് നേതാക്കളുടെ നീക്കം. സുകുമാരൻ നായരെ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേർന്ന് കാണണമെന്നാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ നിലപാട്. എൻഎസ്എസുമായി അടുപ്പമുള്ള കോൺഗ്രസ് നേതാക്കൾക്കും സമാന അഭിപ്രായമാണുള്ളത്. അതേസമയം കൂടിക്കാഴ്ചകളും ചർച്ചകളും രഹസ്യമായി വെക്കാനാണ് ധാരണ. വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി സുകുമാരൻ നായരെ കണ്ടേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. മുസ്‌ലിം സംഘടന നേതാക്കളെ കഴിഞ്ഞ ദിവസം പ്രിയങ്ക കണ്ടിരുന്നു.
Content Highlights: banner against g sukumaran nair on sabarimala issue