തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണം; കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് അതൃപ്തി

രാഹുലിന്‍റെ പ്രതിഷേധങ്ങള്‍ എത്തരത്തിലാണ് മുന്നോട്ട് പോവുക എന്ന കാര്യത്തിലും വിഭാഗത്തിന് ആശങ്ക

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണം; കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് അതൃപ്തി
dot image

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി. ഭരണഘടനാ സ്ഥാപനത്തിന് എതിരായ തുടര്‍ച്ചയായ ആരോപണം തിരിച്ചടിയാകുമോ എന്നതാണ് ആശങ്ക. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണത്തില്‍ രാഹുല്‍ ഗാന്ധി കോടതിയെ സമീപിക്കാത്തതിലും അവ്യക്തത തുടരുകയാണ്. പ്രതിഷേധങ്ങള്‍ എത്തരത്തിലാണ് മുന്നോട്ട് പോവുക എന്ന കാര്യത്തിലും വിഭാഗത്തിന് ആശങ്കയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ആരോപണങ്ങളില്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. എന്നാല്‍ കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട നിയമവിദഗ്ധര്‍ ഉള്‍പ്പെടെ സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ത്തുന്നത്. വോട്ട് ചോരിയുമായി ബന്ധപ്പെട്ട് ആദ്യം നടത്തിയ വാര്‍ത്താ സമ്മേളനം വലിയ പ്രചാരം നേടുകയും പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരുന്നെങ്കിലും ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പല പാളിച്ചകളും വ്യക്തത കുറവും ഉണ്ടായി എന്ന ആരോപണങ്ങളുണ്ട്.

ഇന്നലെയായിരുന്നു വോട്ട് ചോരിയിൽ രാഹുലിന്‍റെ രണ്ടാമത്തെ വാർത്താസമ്മേളനം. താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു രാഹുൽ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ചില വിഭാഗങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ തെളിവുകളുണ്ട്. 100 ശതമാനം ഉറപ്പ് ഉള്ളത് മാത്രമാണ് പറയുന്നത്. കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് എതിരായി താന്‍ ഒന്നും പറയുന്നില്ലെന്നും തെളിവുകളാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight; Rahul Gandhi Slams Election Commission; Section of Congress Expresses Discontent

dot image
To advertise here,contact us
dot image