
കൊച്ചി: കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം 'ലോക' കന്നഡികരുടെ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിച്ച് നിര്‍മ്മാതാക്കളായ വേഫെറര്‍ ഫിലിംസ്. സിനിമയിലെ ഒരു സംഭാഷണം ഉയര്‍ത്തിയാണ് വിവാദമെന്നും മനഃപൂര്‍വ്വം ആരേയും മോശക്കാരാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വേഫെറര്‍ ഫിലിംസ് വിശദീകരിച്ചു. സംഭാഷണം ഉടന്‍ നീക്കം ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. മറ്റെല്ലാത്തിനുമുപരി മനുഷ്യര്‍ക്കാണ് തങ്ങള്‍ പരിഗണന നല്‍കുന്നത്. വീഴ്ചയില്‍ ഖേദം അറിയിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പ്രസ്തുത ഡയലോഗ് ഉടന്‍ നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുമെന്ന് അറിയിക്കുന്നുവെന്നും വേഫെറര്‍ പ്രസ്താവനയില്‍ വിശദീകരിച്ചു.
ബെംഗളൂരുവിനേയും ബെംഗളൂരു യുവതികളേയും മോശക്കാരായി ചിത്രീകരിച്ചുവെന്നാണ് ലോകക്കെതിരെ ഉയര്‍ന്ന ആക്ഷേപം. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ആവേശം, ലോക എന്നീ ചിത്രങ്ങള്‍ ബെംഗളൂരുവിനെ ലഹരി ഹബ്ബായി ചിത്രീകരിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മലയാള സിനിമകള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വിഷയം പരിശോധിക്കുമെന്നും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നുമാണ് കര്‍ണ്ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സെല്‍ അറിയിച്ചത്.
അതേസമയം റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 80 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം 100 കോടി ക്ലബ്ബില്‍ അടുത്ത് തന്നെ കേറുമെന്നാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന നേട്ടമാണ്. കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.
Content Highlights: Lokah movie hurts Kannada emotions Wayfarer Films will Remove dialogue