
ചെന്നൈ: മിശ്രവിവാഹങ്ങള്‍ക്കും ജാതി, മതരഹിത വിവാഹങ്ങള്‍ക്കും വേദിയും സംരക്ഷണവും നല്‍കുന്നതിന് തമിഴ്‌നാട്ടിലെ സിപിഐഎമ്മിന്റെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനം നടത്തി തമിഴ്‌നാട് ഘടകം. പാര്‍ട്ടി സംസ്ഥാന സെക്രട്ടി പി ഷണ്‍മുഖനാണ് ഈ പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്ത് ദുരഭിമാനക്കൊലകള്‍ തുടരും മിശ്രവിവാഹിതര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഔദ്യോഗിക സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഷണ്‍മുഖം പറഞ്ഞു. മനുഷ്യാവകാശ സംഘടനയായ 'എവിഡന്‍സ്' സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുനെല്‍വേലി ജില്ലയില്‍ മാത്രം വര്‍ഷത്തില്‍ 240 ദുരഭിമാനക്കൊല നടക്കുന്നു. ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ ജനവികാരം ഉയരുമ്പോള്‍ തന്നെ കൊലയാളികളെ മഹത്‌വല്‍ക്കരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയും ചെയ്യുന്നുവെന്ന് ഷണ്‍മുഖം പറഞ്ഞു.
ജാതിമാറി കല്യാണം കഴിച്ചതിന്റെ പേരിലുള്ള ദുരഭിമാനക്കൊലകള്‍ തടയുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യം സിപിഐഎം സംസ്ഥാന സെക്രട്ടറി വീണ്ടും ആവര്‍ത്തിച്ചു. നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ തന്നെ ഇതിനുള്ള നിയമനിര്‍മ്മാണം നടത്തണമെന്നും ഷണ്‍മുഖം ആവശ്യപ്പെട്ടു.
പട്ടികജാതി, വര്‍ഗവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമംകൊണ്ട് ദുരഭിമാനക്കൊലകള്‍ തടയാനാവില്ല. പട്ടിക വിഭാഗങ്ങള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ഇടയില്‍ത്തന്നെ ജാതിവിവേചനത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നും ഷണ്‍മുഖം ചൂണ്ടിക്കാണിച്ചു.
മിശ്രവിവാഹത്തിന് സഹായം നല്‍കിയതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ തിരുനെല്‍വേലിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് ഒരു സംഘമാളുകള്‍ തല്ലിതകര്‍ത്തിരുന്നു. ദളിത് യുവാവിന്റെയും പ്രദേശത്തെ പ്രബല ജാതിയില്‍പ്പെട്ട യുവതിയുടെയും വിവാഹത്തിന് എതിരുനിന്നപ്പോള്‍ പ്രണയിതാക്കള്‍ സിപിഐഎം സഹായം തേടിയിരുന്നു. പാര്‍ട്ടി സംവിധാനമായ അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് വിവാഹം നടത്തിക്കൊടുത്തത്.
Content Highlights: CPI(M) party offices in Tamil Nadu will be opened for inter-caste and non-religious marriages