
ബംഗളൂരു: ഭാര്യക്കു മുന്നിൽ ആളാകാൻ പൊലീസുകാരന്റെ യൂണിഫോം ധരിച്ച് പ്രതി വീഡിയോ കോൾ വിളിച്ചതിൽ കോൺസ്റ്റബിളിന് സസ്‌പെൻഷൻ. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിക്ക് യൂണിഫോം ധരിക്കാൻ കൊടുത്തതിനാണ് നടപടി. ബംഗളൂരുവിലെ ഗോവിന്ദപുര പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. പ്രദേശത്തെ നിരവധി കേസുകളിലെ പ്രതിയായ ബോംബെ സലീം എന്ന സലീം ഷെയ്ഖിന്‍റെ വീഡിയോകോള്‍ സ്‌ക്രീൻ ഷോട്ട് പ്രചരിച്ചതിന് പിന്നാലെയാണ് കൃത്യവിലോപം ചൂണ്ടിക്കാട്ടി സോനാരെ എന്ന കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തത്.
ജൂൺ 23നാണ് ചില കേസുകളുടെ ഭാഗമായുള്ള അന്വേഷണത്തിനിടെ സലീം ഷെയ്ഖിന്റെ ഫോണിൽ നിന്നും ഭാര്യയോട് പൊലീസ് വേഷത്തിൽ സംസാരിക്കുന്ന ചിത്രങ്ങൾ ഇന്ദിര നഗർ പൊലീസിന് ലഭിച്ചത്. ഇതോടെയാണ് കോൺസ്റ്റബിളിനെതിരെ നടപടി എടുത്തത്.
മഹാരാഷ്ട്രയിലെ പൂനെയിൽ കഴിയുകയായിരുന്ന സലീമിനെ മറ്റൊരു കേസിന്റെ ഭാഗമായി പൊലീസ് പിടികൂടാൻ ശ്രമിക്കുകയായിരുന്നു. സലീമിനെ ബംഗളൂരുവിൽ എത്തിക്കുന്നതിന് ഇന്ദിരനഗർ സ്റ്റേഷനിലെ ഒരു സംഘം പൂനയിലേക്ക് പോയി. ഇവിടെ വച്ച് സലീമിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ ലഭിച്ചത്. ചോദിച്ചപ്പോൾ ഫോട്ടോയിലുള്ളത് ഭാര്യയാണെന്ന് ഇയാൾ സമ്മതിച്ചു.
മോഷണക്കേസിന്റെ ഭാഗമായി കഴിഞ്ഞ വർഷം പൊലീസ് സലീമിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ തൊണ്ടിമുതൽ വീണ്ടെടുക്കാനായി ബംഗളൂരുവിന് പുറത്തുകൊണ്ടു പോയസമയത്ത് ഹോട്ടൽ മുറിയിലാണ് സലീമിനെ താമസിപ്പിച്ചത്. ഇതിനിടയാണ് സലീം മുറിയിൽവെച്ച് പൊലീസ് വേഷം ധരിച്ച് വീഡിയോ കോൾ ചെയ്തതെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഹോട്ടൽ മുറിയിൽ സലീമിനെ പൂട്ടിയിട്ട് കോൺസ്റ്റബിൾമാർ ഷോപ്പിങ്ങിനായി പോയപ്പോഴാണ് ഇത് സംഭവിച്ചതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Content Highlights: To impress his wife, Bengaluru thief wears cop's uniform while in custody, constable suspended