മധ്യപ്രദേശിൽ പ്രതിശ്രുത വരനെ മർദിച്ച് അവശനാക്കി ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: മൂന്നുപേർ അറസ്റ്റിൽ

ബിജെപി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മൂലമാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതെന്നും ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി പറഞ്ഞു

dot image

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതിശ്രുത വരനൊപ്പം പുറത്തുപോയ ഇരുപതുവയസുകാരിയായ യുവതിയെ നാലംഗ സംഘമാണ് ബലാത്സംഗം ചെയ്തത്. ഇവരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അരവിന്ദ് ശ്രീവാസ്തവ പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ചുര്‍ഹത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതി ചൊവ്വാഴ്ച്ച പ്രതിശ്രുത വരനൊപ്പം പുറത്തുപോയതായിരുന്നു. കത്തൗത്ത റോഡരികില്‍ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്ത് ഇരുവരും അടുത്തുളള കുന്നിലേക്ക് പോയി. ഈ സമയത്ത് അവിടെയുണ്ടായിരുന്ന നാല്‍വര്‍ സംഘം യുവാവിനെ ആക്രമിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു'- എഎസ്പി അരവിന്ദ് ശ്രീവാസ്തവ പറഞ്ഞു.

പ്രതികളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടയുടന്‍ യുവതിയും യുവാവും സെമറിയ പൊലീസ് സ്റ്റേഷനിലെത്തി സംഭവം പൊലീസുകാരെ അറിയിക്കുകയായിരുന്നു. ഇരുവരുടെയും പരാതിയില്‍ പൊലീസ് ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അതേസമയം, സംഭവത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യംചെയ്ത് പ്രതിപക്ഷമായ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ മനുഷ്യരാശിക്കു തന്നെ അപമാനമാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ ഭയാനകമായ അവസ്ഥ എടുത്തുകാണിക്കുന്നതാണെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്‌വാരി പറഞ്ഞു.

'കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം മധ്യപ്രദേശില്‍ 7,419 ദളിത്, ആദിവാസി സ്ത്രീകളാണ് ബലാത്സംഗത്തിനിരകളായത്. 338 പേര്‍ കൂട്ടബലാത്സംഗത്തിനിരകളായി. 558 പേര്‍ കൊലചെയ്യപ്പെട്ടു. പ്രതിദിനം ഏഴ് ദളിത് അല്ലെങ്കില്‍ ആദിവാസി പെണ്‍കുട്ടികള്‍ ഇത്തരം ക്രൂരതകള്‍ക്ക് ഇരകളാകുന്നുണ്ട്. ഇത് ബിജെപി സര്‍ക്കാരിന്റെ പരാജയം തെളിയിക്കുന്നതാണ്'- ജിത്തു പട്‌വാരി പറഞ്ഞു.ബിജെപി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മൂലമാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതെന്നും ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Dalit woman gang-raped, fiancé brutally beaten in Madhya Pradesh, three arrested

dot image
To advertise here,contact us
dot image