
ന്യൂഡല്‍ഹി: ഇന്‍ഡ്യ മുന്നണി നേതാക്കള്‍ക്ക് അത്താഴവിരുന്ന് ഒരുക്കാൻ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ദൃഢപ്പെടുത്താനുള്ള ശ്രമം എന്ന നിലയിലാണ് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഓഗസ്റ്റ് ഏഴിന് അത്താഴവിരുന്ന് ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായി, എല്ലാ നേതാക്കള്‍ക്കും രാഹുല്‍ വിരുന്നൊരുക്കുന്നത് ആദ്യമായാണ്. മുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടി നേതാക്കളെല്ലാം വിരുന്നിൽ പങ്കെടുക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന സൂചനകള്‍.
ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഇന്‍ഡ്യ മുന്നണിയുടെ ഐക്യത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനവും മറ്റ് പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. കൂടാതെ, ആം ആദ്മി പാര്‍ട്ടി മുന്നണിയുമായുള്ള അകല്‍ച്ചയും ചര്‍ച്ചയായിരുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിനും, ബിഹാര്‍ വോട്ട് ബന്ദി വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും കേന്ദ്രത്തിനെതിരായ പ്രക്ഷേഭത്തിന്റെ ശക്തി കൂട്ടാനുള്ള ചര്‍ച്ചകളുമടക്കം വിരുന്നില്‍ നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനുള്ള ചര്‍ച്ചയും ഇന്‍ഡ്യ മുന്നണിയില്‍ നടക്കുന്നുണ്ട്.
Content Highlight; INDIA Bloc Leaders to Meet for Dinner Hosted by Rahul Gandhi