'ഉഷഹസീന A.M.M.Aയിലെ സ്ത്രീകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവരങ്ങൾ യൂട്യൂബ് ചാനലിന് ചോർത്തി;ആരോപണവുമായി മാലാപാർവതി

ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടുകളടക്കം വണ്‍ ടു ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയെന്ന് മാലാ പാര്‍വതി ആരോപിച്ചു

dot image

തിരുവനന്തപുരം: നടി ഉഷ ഹസീനക്കെതിരെ മാലാ പാര്‍വതി. ഉഷ ഹസീന എഎംഎംഎയിലെ സ്ത്രീകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് മാലാ പാര്‍വതി ആരോപിച്ചു. ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടുകളടക്കം വണ്‍ ടു ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയെന്ന് മാലാ പാര്‍വതി ആരോപിച്ചു. തുടരെയുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയായിരുന്നു മാലാ പാര്‍വതിയുടെ ആരോപണം.

യൂട്യൂബ് ചാനല്‍ എഎംഎംഎയിലെ എല്ലാ വിവാദങ്ങളും പിന്നീട് പ്രവചിക്കാന്‍ തുടങ്ങിയെന്നും മാലാ പാര്‍വതി കുറ്റപ്പെടുത്തി. ഗ്രൂപ്പിലെ പല നിയമങ്ങളില്‍ ഒന്ന് ഗ്രൂപ്പിലെ വാര്‍ത്തകള്‍ പുറത്ത് വിടരുതെന്നതായിരുന്നുവെന്ന് മാലാ പാര്‍വതി പറഞ്ഞു. ഒരുപാട് സെലിബ്രിറ്റീസ് ഉള്ള ഗ്രൂപ്പില്‍ നിന്ന് വാര്‍ത്തകള്‍ പുറത്ത് പോകുന്നത് ഡാറ്റാ ചോര്‍ച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ് തന്നെയാണെന്നും എന്നാല്‍ യൂട്യൂബ് ചാനലില്‍ സ്‌ക്രീന്‍ ഷോട്ടടക്കം കണ്ടത് ഞെട്ടലുണ്ടാക്കിയെന്നും മാലാ പാര്‍വതി പറയുന്നു.

'ജൂലൈ 16ന് @ 0ne 2 Talks എന്ന യൂട്യൂബ് ചാനലില്‍ താര സംഘടനയില്‍ ജാതിവല്‍ക്കരണവും, കാവിവല്‍ക്കരണവും എന്ന പേരില്‍ ഇറങ്ങിയ യൂട്യൂബ് വീഡിയോയില്‍ ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടു. പത്ത് മിനിറ്റ് 52 സെക്കന്റ് ഉള്ള വീഡിയോയില്‍ 6.05ല്‍ ഒരു സ്‌ക്രീന്‍ ഷോട്ട് പ്രത്യക്ഷമാവുന്നുണ്ട്. ഗ്രൂപ്പിന്റെ ആധികാരികത കാണിക്കാന്‍ ചെയ്തതാണ്. എന്നാല്‍ ആ സ്‌ക്രീന്‍ ഷോട്ടില്‍ നാലാമത്തെ നമ്പര്‍ 'മൈ നമ്പര്‍' എന്നാണ് കിടക്കുന്നത്. അപ്പോള്‍ ആ ഫോണില്‍ നിന്നാണ് ആ സ്‌ക്രീന്‍ ഷോട്ട് പോയിരിക്കുന്നത്', മാലാ പാര്‍വതി പറഞ്ഞു.

ആ നമ്പര്‍ ഉഷ ഹസീനയുടെ രണ്ടാമത്തെ നമ്പറാണെന്നും മാലാ പാര്‍വതി ആരോപിക്കുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് മാലാ പാര്‍വതിയുടെ പോസ്റ്റ്. 'അമ്മയുടെ പെണ്‍മക്കള്‍' എന്ന ഗ്രൂപ്പ് തുടങ്ങുമ്പോള്‍ എഎംഎംഎ പറഞ്ഞിട്ട് തുടങ്ങുന്നതാണെന്ന് പറഞ്ഞിരുന്നുവെന്ന് മാലാ പാര്‍വതി പറയുന്നു. ഗ്രൂപ്പില്‍ ചിലര്‍ക്ക് ചില നിയമങ്ങളാണെന്നും അവര്‍ സൂചിപ്പിക്കുന്നു. ഭീഷണിയുടെ സ്വരം അംഗീകരിക്കാന്‍ പറ്റാത്തത് കൊണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പിന്മാറുന്നുവെന്ന് പറയുന്ന സന്ദേശവും മാല പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഗ്രൂപ്പിന് എഎംഎംഎയുമായി ബന്ധമില്ലെന്നാണ് സരയുവും അഡ്മിന്‍ പാനലിലെ ഒരു അഡ്മിനും മറുപടി നല്‍കിയതെന്ന് പറയുന്ന മാലാ പാര്‍വതി ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് ആര്‍ക്ക് വേണ്ടിയാണെന്നും ചോദിക്കുന്നു.

കഴിഞ്ഞ ദിവസം എഎംഎംഎയിലെ മെമ്മറി കാര്‍ഡ് വിവാദത്തിലും ഉഷ ഹസീനയ്‌ക്കെതിരെ മാലാ പാര്‍വതി രംഗത്തെത്തിയിരുന്നു. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ല. തെരഞ്ഞെടുപ്പില്‍ ബാബുരാജിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ തെരഞ്ഞെടുപ്പ് തന്ത്രമായാണ് താന്‍ കാണുന്നതെന്നും മാലാ പാര്‍വതി പറഞ്ഞിരുന്നു.

അതേസമയം എഎംഎംഎയിലെ തെരഞ്ഞെടുപ്പ് വരെ ഫേസ്ബുക്ക് കുറിപ്പുകൾ നിരോധനമുണ്ടെന്ന അറിയിപ്പ് വന്നതായി മാലാ പർവതി പുതിയ പോസ്റ്റിൽ കുറിക്കുന്നു. അത് കൊണ്ട് തൽക്കാലം ഹൈഡ് ചെയ്യുന്നുവെന്നും ആരോപണങ്ങളും വലിയ ഭീഷണിയും ഉള്ളത് കൊണ്ട് ഡിലീറ്റ് ചെയ്യുന്നില്ലെന്നും മാലാ പാർവതി പറഞ്ഞു.

Content Highlights: Maala Parvathi against Usha Haseena on AMMA whatsapp group

dot image
To advertise here,contact us
dot image