ധർമസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തി; അസ്ഥികൾ ഒന്നിൽ കൂടുതൽ പേരുടേതെന്ന് സംശയം

പതിനൊന്നാം സ്പോട്ടിൽ നിന്നും 100 അടി മാറി വനത്തിലാണ് അസ്ഥികൾ കണ്ടെത്തിയത്

dot image

ബെംഗ്ളൂരു: ധർമസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തി. പതിനൊന്നാം സ്പോട്ടിൽ നിന്നും 100 അടി മാറി വനത്തിലാണ് അസ്ഥികൾ കണ്ടെത്തിയത്. പരിശോധനയിൽ ഒന്നിലധികം അസ്ഥികൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. പരിശോധനയ്ക്കായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വനത്തിനകത്ത് തുടരുകയാണ്. സീൽ ചെയ്ത് അസ്ഥിഭാഗങ്ങൾ വാഹനത്തിൽ എത്തിച്ചു. താടിയെല്ലുകളും അസ്ഥിഭാഗങ്ങളുമാണ് പരിശോധനയിൽ ലഭിച്ചത്. അസ്ഥികൾ ഒന്നിൽ കൂടുതൽ പേരുടേതെന്ന് സംശയമുണ്ട്.

അതേ സമയം, ധർമ്മസ്ഥലയിലെ ഇന്നത്തെ തിരച്ചിൽ പൂർത്തിയായി. മൂന്ന് സ്പോട്ടുകളിലാണ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയത്. ഇന്നലെ ഞായറാഴ്ചയായതിനാൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയിരുന്നില്ല. ഇന്നത്തോടെ 13 സ്ഥലങ്ങളിലും ഖനനം പൂർത്തിയാക്കാനായിരുന്നു ഉദ്യോ​ഗസ്ഥർ തീരുമാനിച്ചിരുന്നത്. അസിസ്റ്റന്റ് കമ്മീഷണർ (റവന്യൂ) സ്റ്റെല്ല വർഗീസിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടക്കുന്നത്. അതിനിടെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ എസ്ഐടി സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്.

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹം കത്തിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ടെന്ന ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ കർണാടകയെ ആകെ ഞെട്ടിച്ച ഒന്നാണ്. 1998-നും 2014- നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നൽകിയത്.

അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയത്. ആരോപണവിധേയരെല്ലാം ധർമസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പർവൈസർമാരും ജീവനക്കാരുമാണ്. എതിർക്കുന്നവരെ ഇല്ലാതാക്കാൻ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയാൽ പേരുകൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Indications That Bones Have Been Found Again in Dharmasthala

dot image
To advertise here,contact us
dot image