
ആൻഡേഴ്‌സൺ -സച്ചിൻ ട്രോഫി പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ വിജയം കൈവരിച്ചിരുന്നു. പരമ്പരയിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇരു ടീമുകളും 2 മത്സരം വീതം വിജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞു.
ഓവലിലെ വിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്ത്തി ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ വ്യത്യസ്ത അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിങ് സിദ്ധു. ഇന്ത്യയുടെ വിജയം ഷാരൂഖ് ഖാന്റെ ചിത്രം പോലെയല്ലെന്നാണ് സിദ്ധു പറയുന്നത്. ഇന്ത്യയുടെ വിജയത്തിൽ ഒരു ഹീറോ ഇല്ലെന്നും എല്ലാവരും ഹീറോകളാണെന്നും അദ്ദേഹം പറഞ്ഞു.
' ഈ സിനിമയിൽ ഒരു നായകനില്ല. ഇതൊരു ഷാരൂഖ് ഖാൻ ചിത്രമല്ല. ഇതിൽ പ്രധാന നായകനേക്കാൾ സൈഡ് നായകൻമാരാണ് കൂടുതൽ. അവർ ഒരു ടീമായി പ്രവർത്തിച്ചു. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ പ്രധാന നായകൻമാർ. ഓൾഡ് ബോളിൽ തന്നെ കളിക്കാൻ തീരുമാനിച്ച ക്യാപ്റ്റൻ മറ്റൊരു ഹീറോ.
ആദ്യ ഇന്നിങ്‌സിലെ കരുൺ നായരിന്റെ ഇന്നിങ്‌സ്. വാഷിങ്ടൺ സുന്ദറിന്റെ ബാറ്റിങ്, ദ്രുവ് ജൂറലിന്റെ 37 റൺസും വിക്കറ്റ് കീപ്പിങ്ങും എല്ലാം മികച്ചുനിന്നു. കളിയുടെ അവസാനം ഈ കാലഘട്ട കൈമാറ്റവും നല്ലതിനായുള്ള മാറ്റവും പൂർത്തിയായത് മനസിലാകും,' സിദ്ധു തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ആറ് റൺസിനായിരുന്നു അവസാന മത്സരത്തിൽ ഇന്ത്യ വിജയിച്ചത്. അവസാന ദിനം ഇംഗ്ലണ്ടിന് 35 റൺസും ഇന്ത്യക്ക് നാല് വിക്കറ്റുമായിരുന്നു വേണ്ടിയിരുന്നത്. നാല് വിക്കറ്റ് സ്വന്തമാക്കി ഇന്ത്യ കളി പിടിച്ചതോടെ പരമ്പര സമനിലയായി.
Content Highlights- It was not a Shah Rukh Khan film – Former batter’s massive praise after India's Win in Oval Test