പൗരത്വം തെളിയിക്കാൻ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടതായി മുസ്ലിംകുടുംബം; ദുരനുഭവം വിരമിച്ച സൈനികന്റെ കുടുംബത്തിന്

പൊലീസിനെതിരെയും കുടുംബം ഗുരുതരമായ ആരോപണം ഉയര്‍ത്തി

dot image

പൂനെ: അനധികൃത കുടിയേറ്റം ആരോപിച്ച് പൂനെയിലെ മുസ്ലിം കുടുംബത്തോട് ഒരു സംഘം തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടതായി പരാതി. ചന്ദന്‍ നഗര്‍ ഏരിയയില്‍ ജൂലൈ 26 ന് അര്‍ധരാത്രിയാണ് സംഭവം. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തയാളുടെ സഹോദരനും കുടുംബവുമാണ് ആള്‍ക്കൂട്ട ചോദ്യം ചെയ്യലിന് ഇരയായത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടിയ ഇന്ത്യന്‍ ആര്‍മിയുടെ 269 എഞ്ചിനീയര്‍ റെജിമെന്റില്‍ നിന്ന് വിരമിച്ച നായിക് ഹവില്‍ദാറായ ഹക്കിമുദ്ദീന്‍ ഷെയ്ഖിന്റെ സഹോദരന്‍ ഇര്‍ഷാദ് ഷെയ്ഖും കുടുംബവുമാണ് ആള്‍ക്കൂട്ട ചോദ്യം ചെയ്യലിന് ഇരയായത്. പൊലീസിനെതിരെയും കുടുംബം ഗുരുതരമായ ആരോപണം ഉയര്‍ത്തി.

കുടുംബം പറയുന്നതനുസരിച്ച്, രാത്രി 11.30 ഓടെ അപരിചതരായ നാല്‍പ്പതോളം പേരടങ്ങുന്ന സംഘം വീട്ടിലേക്ക് എത്തി തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. റോഹിങ്ക്യന്‍ ആണെന്ന് ആരോപിച്ചായിരുന്നു രേഖകള്‍ ചോദിച്ചത്. രേഖകകള്‍ കാണിച്ചില്ലെങ്കില്‍ തങ്ങളെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് സംഘം വീട്ടിലേക്ക് എത്തി രേഖകള്‍ ആവശ്യപ്പെട്ടതെന്നും തൊട്ടടുത്ത് പൊലീസ് വാന്‍ ഉണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. സ്ഥലത്തുണ്ടായിരുന്നവരില്‍ ഒരു പൊലീസുകാരന്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും യഥാര്‍ത്ഥ സഹായം ലഭിച്ചില്ലെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ കുടുംബം ചന്ദനഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടംുബത്തിലെ മുഴുവന്‍ മുതിര്‍ന്ന പൗരന്മാരെയും പൊലീസ് അറസ്റ്റ് ചെയ്‌തെന്നും മൂന്ന് മണിവരെ കസ്റ്റഡിയില്‍വെച്ചെന്നും കുടുംബം പരാതിയില്‍ ഉയര്‍ത്തുന്നു.

സംഭവത്തില്‍ ഹക്കിമുദ്ദീന്‍ ഷെയ്ഖ് കടുത്ത അതൃപ്തി അറിയിച്ചു. '16 വര്‍ഷം ഞാന്‍ ഈ രാജ്യത്തെ സേവിച്ചയാളാണ്. എന്റെ കുടുംബം ഇന്ത്യന്‍ പൗരന്മാരാണ്. എന്തിനാണ് ഞങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത്', ഹക്കീമുദ്ദീന്‍ ഷെയ്ഖ് ചോദിക്കുന്നു. 1960 മുതല്‍ പൂനെയിലാണ് ഹക്കീമുദ്ദീന്റെ കുടുംബം താമസിക്കുന്നത്. തന്റെ കുടുംബത്തിന് ദീര്‍ഘകാലത്തെ സൈനിക സേവന ചരിത്രമുണ്ടെന്ന് ഇര്‍ഷാദ് ഷെയ്ക്കും പ്രതികരിച്ചു.
പ്രദേശത്ത് പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ സൊമയ് മുണ്ടെ പ്രതികരിച്ചു.

Content Highlights: Kargil War veteran's family harassed by mob Alleges illegal immigrants

dot image
To advertise here,contact us
dot image