മലേഗാവ് സ്‌ഫോടനക്കേസിൽ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച; അന്വേഷണത്തിലും വീഴ്ചയെന്ന് കോടതി

പ്രോസിക്യൂഷന്റെ ഓരോ ഘട്ടത്തിലെയും വീഴ്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു കോടതി വിധി പറഞ്ഞത്

dot image

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസിൽ ശക്തമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ധാർമികതയും ആഖ്യാനങ്ങളും മുൻനിർത്തി വിധി പറയാനാകില്ലെന്നും പ്രത്യേക കോടതി. കേസന്വേഷണത്തിലെ എല്ലാ ഘട്ടത്തിലും കാലതാമസം നേരിട്ടുവെന്നും ന്യായമായ, നിഷ്പക്ഷമായ രീതിയിലല്ല അന്വേഷണം നടന്നതെന്ന് വ്യക്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പ്രോസിക്യൂഷന്റെ ഓരോ ഘട്ടത്തിലെയും വീഴ്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു കോടതി വിധി പറഞ്ഞത്. പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ ഒരു തെളിവ് പോലുമില്ല. ഗൂഢാലോചനയിലും സ്‌ഫോടകവസ്‌തു വെച്ചതിലും അവർ പങ്കാളിയായിരുന്നില്ല. സ്‌ഫോടകവസ്‌തു ഘടിപ്പിച്ച വണ്ടി പ്രഗ്യയുടെ പേരിലായിരുന്നുവെങ്കിലും അവർ അത് ഉപയോഗിച്ചിരുന്നു എന്നതിന് യാതൊരു തെളിവുമില്ല എന്ന് കോടതി പറഞ്ഞു.

ആരാണ് വണ്ടി അവിടെ കൊണ്ടുവെച്ചതെന്നോ ബോംബ് എവിടെയാണ് വെച്ചതെന്നോ പോലും കണ്ടെത്താനായില്ലെന്നും കോടതി കുറ്റപ്പെടുത്തി. സ്ഫോടനം നടന്ന ശേഷം ആ പ്രദേശം ബാരിക്കേഡ് വെച്ച് തിരിക്കാൻ പോലും അധികൃതർ തയ്യാറായില്ല. പ്രോസിക്യൂഷൻ ഹാജരാക്കിയ മെറ്റീരിയൽ തെളിവുകൾ ഒന്ന് പോലും കുറ്റം തെളിയിക്കുന്നതല്ല. പ്രതികൾ നടത്തിയ ഗൂഢാലോചനയ്ക്കുളള തെളിവുകൾ അപര്യാപ്തമെന്നും കോടതി പറഞ്ഞു.

മൊഴി രേഖപ്പെടുത്തൽ, നടപടിക്രമങ്ങൾ എന്നിവയിലെല്ലാം അടിമുടി വീഴ്ചയെന്നും കോടതി പറഞ്ഞു. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികളുടെ മൊഴികളിലെ വൈരുദ്ധ്യം വലിയ സംശയമുണ്ടാക്കുന്നതായും കേസിന്റെ വിശ്വാസ്യതയെ സംശയമുനയിൽ നിർത്തുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണം ന്യായവും, നിഷ്പക്ഷവുമായ രീതിയിലല്ല നടന്നത് എന്നും കോടതി കൂട്ടിച്ചേർത്തു.

ധാർമികതയും ആഖ്യാനങ്ങളെയും മുൻനിർത്തി കേസിൽ വിധിപറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. സംശയം വെച്ചുകൊണ്ട് കേസ് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും പ്രോസിക്യൂഷനോട് കോടതി പറഞ്ഞു. അഭിനവ് ഭാരതിന്റെ ഫണ്ടുകൾ ഭീകരപ്രവർത്തനത്തിനായി ഉപയോഗിച്ചതിന് യാതൊരു തെളിവുമില്ല. ശ്രീകാന്ത് പുരോഹിത് ആർഡിഎക്സ് സ്ഥാപിച്ചതിനും തെളിവില്ല. തനിക്കെതിരെ തെളിവില്ലാതെ, ഒമ്പത് കൊല്ലമാണ് പ്രഗ്യാ സിങ് ഠാക്കൂർ ജയിലിൽ കിടന്നത്. ഇത് നീതിനിഷേധമാണ് എന്നും കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു.

മലേഗാവ് സ്ഫോടനക്കേസിൽ എല്ലാ പ്രതികളെയും പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയിരുന്നു. മുന്‍ ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്, മേജര്‍ രമേശ് ഉപോധ്യായ, അജയ് രഹീര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് കോടതി കേസിൽ വെറുതെവിട്ടത്.

സംഭവം നടന്ന് 17 വ‍ർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2008 സെപ്തംബര്‍ 29നാണ് മുംബൈയില്‍ നിന്നും 200 കിമി അകലെ മലേ​ഗാവിലെ പളളിയ്ക്ക് സമീപം സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേൽക്കുകയുമായിരുന്നു. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നായിരുന്നു കേസ്. റംസാന്‍ മാസത്തിലെ അവസാന ദിവസമായിരുന്നു സ്ഫോടനം.

Content Highlights: Court specifies fault at prosecution side at malegaon blast case

dot image
To advertise here,contact us
dot image