ഓപ്പറേഷൻ സിന്ദൂർ: ലോക്സഭയിൽ ചർച്ച ആരംഭിച്ചു; ട്രംപിനെ തള്ളി രാജ്നാഥ് സിങ്, വെടിനിർത്തൽ പാകിസ്താൻ്റെ ആവശ്യം

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ചുവെന്ന് പ്രതിരോധ മന്ത്രി

dot image

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ലോക്സഭയിൽ ചർച്ച തുടങ്ങി. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചർച്ചയ്ക്ക് മുന്നോടിയായി സഭയിൽ വിശദീകരണം നൽകി. ഓപ്പറേഷൻ സിന്ദൂർ ചരിത്രപരമായ നീക്കമാണെന്ന് അവകാശപ്പെട്ട പ്രതിരോധമന്ത്രി മെയ് 6-7 തീയതികളിൽ ഒൻപത് ഭീകരക്യാമ്പുകൾ തകർത്തുവെന്ന് വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിൻ്റെ മൂന്ന് വിഭാ​ഗങ്ങളുടെയും യോജിച്ചുള്ള നീക്കത്തിൽ നൂറിലധികം ഭീകരരെ കൊലപ്പെടുത്തി. ഭീകരവാദികളെ അവരുടെ താവളത്തിലെത്തി ഇല്ലാതാക്കിയെന്ന് രാജ്നാഥ് സിങ് വെളിപ്പെടുത്തി.

ഭീകരാക്രമണത്തിന് പിന്നിലെ പാക് ബന്ധം വ്യക്തമാണെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാണിച്ചു. എസ് 400 ആകാശ് മിസൈലുകൾ ഉപയോ​ഗിച്ച് പാകിസ്താൻ്റെ ആക്രമണത്തെ പ്രതിരോധിച്ചു. പാകിസ്താൻ്റെ ആക്രമണത്തിൽ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിൽ ഒരു നാശനഷ്ടവും ഉണ്ടായില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ചുവെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

ഭീകരവാദത്തിനെതിരായ സന്ദേശമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയുടെ ആക്രമണം പ്രതിരോധമായിരുന്നുവെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ഭീകര പ്രവർത്തനം ആരംഭിച്ചാൽ ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് രാജ്നാഥ് സിങ് പാകിസ്താന് മുന്നറിയിപ്പും നൽകി.

ഇതിനിടെ വെടിനിർത്തലിന് മുൻകൈ എടുത്തുവെന്ന ട്രംപിൻ്റെ അവകാശവാദത്തെ തള്ളുന്ന നിലപാടാണ് രാജ്നാഥ് സിങ് ലോക്സഭയിൽ സ്വീകരിച്ചത്. പാകിസ്താൻ ഡിജിഎംഎ വെടിനിർത്തലിനായി അപേക്ഷിച്ചെന്നും അതിനാലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ലക്ഷ്യം പൂ‍ർത്തിയായതിനാലാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിയതെന്നും പ്രതിരോധ മന്ത്രി സഭയെ അറിയിച്ചു.

Content Highlights: Defence Minister Rajnath Singh Initiates Debate On Operation Sindoor In Lok Sabha

dot image
To advertise here,contact us
dot image