
ന്യൂ ഡൽഹി: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ എൻസിഇആർടി. പ്രത്യേക പാഠഭാഗമായി ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് നീക്കം. പാഠഭാഗം തയാറാക്കുന്നതിന്റെ പ്രവർത്തനങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. സൈനിക നീക്കത്തിന് പുറമെ എങ്ങനെയാണ് രാജ്യങ്ങൾ അതിർത്തിഭീഷണികളെ നേരിടുക, ഇത്തരം സമയങ്ങളിലെ നയതന്ത്രം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം തുടങ്ങിയവയും പഠിപ്പിക്കും.
ഏപ്രിൽ 22-നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളായ 26 പേർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് 7-ന് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നൽകിയ പേര്.
ബഹവൽപൂർ, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അർധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകർത്തത്. മുരിഡ്കെയിലെ ലഷ്കർ ആസ്ഥാനവും തകർത്തിരുന്നു. നൂറിലധികം ഭീകരരെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ വധിച്ചത്. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെടുന്നു.
Content Highlights: Operation sindoor to be included in NCERT Curriculum