
ബെംഗളൂരു: ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും ഡിസിപി സൗമ്യലത പിന്മാറി. സൗമ്യലതയുടെ പിന്മാറ്റം ആഭ്യന്തരമന്ത്രി ജി പരമേശ്വര സ്ഥിരീകരിച്ചു. അനൗദ്യോഗികമായി വിവരം ലഭിച്ചെന്നും പകരം ഉദ്യോഗസ്ഥനെ ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്നും പരമേശ്വര പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് സൗമ്യലത അറിയിക്കുന്നത്.
ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാളാണ് സൗമ്യലത. 20 അംഗ അന്വേഷണ സംഘത്തെ കഴിഞ്ഞ ദിവസമായിരുന്നു നിയോഗിച്ചത്. 4 ടീമായി അന്വേഷണം തുടരാനിരിക്കെയാണ് സൗമ്യലത പിന്മാറിയിരിക്കുന്നത്.
1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയത്.
ആരോപണവിധേയരെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ നിരവധി പേര്‍ ധര്‍മസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ വന്നിട്ടും കര്‍ണാടക സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ചത്.
Content Highlights: Dharmasthala DCP Soumyalata withdraws from SIT citing personal reasons