'ഒബിസി വിഭാഗങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു, അത് ബിജെപിക്ക് നേട്ടമുണ്ടാക്കി'

തെലങ്കാനയില്‍ നടന്ന ജാതി സര്‍വേ സാമൂഹ്യനീതിയിലേക്കുളള നാഴികക്കല്ലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

dot image

ന്യൂഡല്‍ഹി: ഒബിസി വിഭാഗങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും അതാണ് ബിജെപിക്ക് ഇടം നല്‍കിയതെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെലങ്കാനയില്‍ പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ലോക്‌സഭാ എംപിമാരെയും സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തെയും അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ആദിവാസികളുടെയും ദളിതരുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ശരിയായ പാതയില്‍ തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. പത്തുപതിനഞ്ച് വര്‍ഷത്തിനുളളില്‍ ഒബിസി വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിലും അത് പരിഹരിക്കാനുളള നടപടികള്‍ എടുക്കുന്നതിലും നമുക്ക് വീഴ്ച്ച പറ്റി. ഞാന്‍ ഈ പറയുന്നത് ഭൂരിഭാഗം പേരും അംഗീകരിക്കണമെന്നില്ല. ഞാന്‍ പറയുന്നത് തെറ്റാണെന്നും പറഞ്ഞേക്കാം. പക്ഷെ എനിക്ക് തോന്നുന്നത്, നമ്മള്‍ ബിജെപിക്ക് ഇടം നല്‍കുകയായിരുന്നു എന്നാണ്'-രാഹുല്‍ ഗാന്ധി പറഞ്ഞു.

തെലങ്കാനയില്‍ നടന്ന ജാതി സര്‍വേ സാമൂഹ്യനീതിയിലേക്കുളള നാഴികക്കല്ലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസ് വിഷയത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ തെലങ്കാന മോഡല്‍ സ്വീകരിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. അതേസമയം. ഏപ്രില്‍ മുപ്പതിന് അടുത്ത സെന്‍സസില്‍ ജാതി അടിസ്ഥാനത്തില്‍ കണക്കെടുപ്പുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. 2027-ലാണ് അടുത്ത സെന്‍സസ് നടക്കുക.

Content Highlights: Congress failed to respond to obc aspirations, it opened space for bjp says Rahul Gandhi

dot image
To advertise here,contact us
dot image