
ന്യൂഡൽഹി: ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണ് നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.
വടക്കുകിഴക്കൻ ഡൽഹിയിൽ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. 14 മാസം പ്രായമുള്ള ഒരു ആൺകുട്ടി, നാല് പുരുഷന്മാർ, മൂന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ ഇതുവരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്ത് പേരടങ്ങുന്ന ഒരു കുടുംബം കെട്ടിടത്തിൽ താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
രാവിലെ ഏഴ് മണിയോടെ വീട്ടിലായിരുന്നപ്പോൾ ഒരു വലിയ ശബ്ദം കേട്ടുവെന്നും എല്ലായിടത്തും പൊടി നിറഞ്ഞിരുന്നുവെന്നും അയൽവാസി പിടിഐയോട് പറഞ്ഞു. എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിയില്ല, പക്ഷേ 10 പേരടങ്ങുന്ന ഒരു കുടുംബം അവിടെ താമസിക്കുന്നുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഏപ്രിൽ ആദ്യം ഡൽഹിയിലെ മുസ്തഫാബാദിൽ നാലു നില കെട്ടിടം തകർന്നുവീണ് നാല് പേർ മരിക്കുകയും 13 പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlights: Several Feared Trapped As 4-Storey Building Collapses In Delhi