
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. നീണ്ട 21 മാസം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടുവെന്നും തരൂർ കുറ്റപ്പെടുത്തി. അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും, നമ്മൾ ഇന്ന് കൂടുതൽ ശക്തമായ ജനാധിപത്യമുള്ള, അഭിവൃദ്ധിയുണ്ടായ രാജ്യമായി മാറിയെന്നും തരൂർ അഭിപ്രായപ്പെട്ടു. 'പ്രൊജക്റ്റ് സിൻഡിക്കേറ്റ്' എന്ന പ്രസിദ്ധീകരണത്തിലെഴുതിയ കുറിപ്പിലായിരുന്നു തരൂരിന്റെ വിമർശനം.
അടിയന്തരാവസ്ഥയെക്കുറിച്ച് പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ അടക്കം നിശബ്ദത പാലിക്കുമ്പോഴാണ് പാർട്ടിയെ വെട്ടിലാക്കിയേക്കാവുന്ന നിലപാടുമായി തരൂർ രംഗത്ത് വന്നിരിക്കുന്നത്. കുറിപ്പിൽ ഇന്ദിരാ ഗാന്ധിയുടെ പേരെടുത്തുപറഞ്ഞാണ് തരൂർ അടിയന്തരാവസ്ഥയെ വിമർശിക്കുന്നത്. കർശനവും ക്രൂരവുമായ ഇത്തരം രീതി അത്യാവശ്യമാണെന്ന് ഇന്ദിര കരുതി.
ചടുലവും ജനാധിപത്യപരവുമായിരുന്ന ഇന്ത്യയുടെ പൊതുസമൂഹം പൊടുന്നനെ നിശബ്ദമായി. നിയമസംവിധാനം സമ്മർദ്ദത്തിന് കീഴ്‌പ്പെടുകയും മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, പ്രതിപക്ഷ നേതാക്കൾ എന്നിവർ തടവിലാക്കപ്പെടുകയും ചെയ്തു.
സഞ്ജയ് ഗാന്ധിയെയും തരൂർ വിമർശിക്കുന്നുണ്ട്. സഞ്ജയ് ഗാന്ധി ജനങ്ങളെ നിർബന്ധിത വന്ധ്യംകരണം നടത്തി. കൂടാതെ വീടുകളും മറ്റും തകർത്ത് ആയിരക്കണക്കിന് മനുഷ്യരെ പെരുവഴിയിലാക്കിയെന്നും തരൂർ പറയുന്നു. അടിയന്തരാവസ്ഥ ജനങ്ങളോട് ഒരു ഭരണകൂടം എങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറിയെന്ന് കാണിച്ചുതരുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു. തുടർന്ന് ഇന്നത്തെ ഇന്ത്യ അഭിവൃദ്ധിപ്പെട്ടുവെന്നും നമ്മൾ ജനാധിപത്യം കൂടുതൽ ശക്തിപ്പെട്ടുവെന്നും തരൂർ അഭിപ്രായപ്പെട്ടു.
Content Highlights: Tharoor causes headache to congress through emergency article