

തിരുവനന്തപുരം: കോണ്‍ഗ്രസിന് വേണ്ടി രാപ്പകലില്ലാതെ തന്നെക്കൊണ്ട് കഴിയും പോലെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. രണ്ട് ദിവസമായി നോര്‍ത്തിലും സൗത്തിലുമെല്ലാം പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും എന്നാല്‍ അതൊന്നും എവിടെയും കാണാതെ ബേപ്പൂര്‍ മാത്രമാണ് എല്ലായിടത്തും കാണാനാകുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടണമെന്ന് തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആഗ്രഹം. അത് സാധ്യമാക്കാനുള്ള സാഹചര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പി വി അന്‍വറിന്റെ പ്രതികരണം.
സ്വാഭാവിക പ്രക്രിയ പോലെ കോണ്‍ഗ്രസ് നേതൃത്വത്തോട് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിര്‍ബന്ധം പിടിക്കില്ല. യുഡിഎഫ് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നിരുപാധിക പിന്തുണ അറിച്ചിട്ട് കാലങ്ങളായി. അതില്‍ പ്രത്യേകിച്ച് വാശി പിടിക്കില്ല. മരുമോനിസത്തിനെതിരെ ബേപ്പൂരില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ അനുസരിക്കും. മത്സരിക്കുമെന്ന് അന്നേ പറഞ്ഞിരുന്നു, ഇന്നും അതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു.
മലബാര്‍ കേന്ദ്രീകരിച്ച് സീറ്റുകള്‍ വേണമെന്ന് നിര്‍ബന്ധമില്ല. യുഡിഎഫിന് ജയിക്കാന്‍ കഴിയാത്ത മണ്ഡലങ്ങള്‍ തങ്ങളെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസ് തോല്‍ക്കാനുള്ള സാധ്യതയില്ലെന്നും ബാക്കി കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും പി വി അന്‍വര്‍ പറഞ്ഞു.
അതേസമയം ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് അനൗദ്യോഗികമായി നടന്നത്.
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മണ്ഡലത്തില്‍ പി വി അന്‍വര്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസം ബേപ്പൂര്‍ ചാലിയം ഹാര്‍ബര്‍ സന്ദര്‍ശിക്കവേ ബേപ്പൂര്‍ എംഎല്‍എയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന് എതിരെ പി വി അന്‍വര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. മരുമോനായതിന്റെ ലഹരിയിലാണ് മുഹമ്മദ് റിയാസെന്നും അത് തന്നെയാണ് മരുമോനിസമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. വ്യക്തിപരമായി അദ്ദേഹത്തോട് ഒരു വിദ്വേഷവുമില്ല. പക്ഷെ അദ്ദേഹത്തിന്റെ നടപടികള്‍ ശരിയല്ല എന്നതാണ് തന്റെ നിലപാട്, അതില്‍ ഉറച്ചുനില്‍ക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.
Content Highlight; Trinamool Congress leader PV Anwar said that he has been working day and night for the Congress as much as he can. He said that he has been working in both the North and the South for the past two days, but he has not seen anything like it anywhere, only Beypore is visible everywhere, PV Anwar said.