പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനം 900 അടി താഴ്ചയിലേക്ക്, തലനാരിഴക്ക് രക്ഷപ്പെട്ടു, അന്വേഷണം

സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പൈലറ്റുമാരെയും മാറ്റിനിര്‍ത്തിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി

dot image

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തം നടന്നതിന് പിന്നാലെ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം. ഡല്‍ഹിയില്‍ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പൈലറ്റുമാരെയും മാറ്റിനിര്‍ത്തിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജൂണ്‍ 14ന് പുലര്‍ച്ചെ 2.56നാണ് സംഭവം. എഐ-187 ബോയിങ് 777 വിമാനം പറന്നുയര്‍ന്ന ഉടനെ 900 അടി താഴ്ചയിലേക്ക് വന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയില്‍ പൈലറ്റുമാര്‍ ഉടനടി നടപടികള്‍ സ്വീകരിച്ച് സുരക്ഷിതമായി യാത്ര തുടരുകയായിരുന്നു. ഒമ്പത് മണിക്കൂറും എട്ട് മിനുറ്റിനും ശേഷം വിമാനം വിയന്നയില്‍ പറന്നിറങ്ങുകയും ചെയ്തു.

പൈലറ്റുമാരില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് വിവരം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യാ വക്താവ് വ്യക്തമാക്കി. വിമാനത്തിലെ റെക്കോര്‍ഡുകളില്‍നിന്നുള്ള വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഡിജിസിഎയും അന്വേഷണം ആരംഭിക്കുകയും വിശദീകരണം തേടി എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗം തലവനെ വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂണ്‍ പന്ത്രണ്ടിനായിരുന്നു അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ടത്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ബിജെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസ്സിലും പിജി വിദ്യാര്‍ത്ഥികള്‍ അടക്കം താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകര്‍ന്നുവീണത്.

വിമാനത്തില്‍ ഉണ്ടായിരുന്ന 242 ല്‍ 241 പേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ബ്രിട്ടീഷ് പൗരവും ഇന്ത്യന്‍ വംശജനുമായ രമേഷ് വിശ്വാസ് കുമാര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയും ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയും ചെയ്തിരുന്ന രഞ്ജിതയും മരിച്ചിരുന്നു. മരിച്ച എല്ലാവരുടെയും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

Content Highlights: Air India aircraft narrowly safe in accident after Ahmmedabad plane crash

dot image
To advertise here,contact us
dot image