
ന്യൂഡല്‍ഹി: പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സുരക്ഷാ ഏജന്‍സികള്‍ മെയ് 31-ന് സെക്യൂരിറ്റി ഡ്രില്‍ നടത്തും. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളിലാണ് സെക്യുരിറ്റി ഡ്രില്‍ നടത്തുക. അതിര്‍ത്തി കടന്നുളള ഭീഷണികള്‍ക്ക് സാധ്യതയുളള പ്രദേശങ്ങളില്‍ തയ്യാറെടുപ്പ് വര്‍ധിപ്പിക്കാനും അവബോധം നല്കുന്നതിനുമാണ് സെക്യൂരിറ്റി ഡ്രില്‍സ് നടത്തുന്നത്. ഇന്ന് നടത്താനിരുന്ന സെക്യൂരിറ്റി ഡ്രില്‍ മാറ്റിവെക്കുകയായിരുന്നു. ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പാകിസ്താനില്‍ നിന്നും നിരന്തരം പ്രത്യാക്രമണ ശ്രമങ്ങളുണ്ടായതോടെയാണ് സെക്യൂരിറ്റി ഡ്രില്‍ നടത്താന്‍ തീരുമാനമായത്.
പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ എല്ലാ മാസവും ഇനി ഇത്തരം സെക്യൂരിറ്റി ഡ്രില്ലുകള്‍ നടത്തുമെന്നും ഈ സമയങ്ങളില്‍ പ്രദേശത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തുകയും അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കണ്ട്രോള് റൂമുകളുടെയും വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമത പരിശോധിക്കുകയാണ് സെക്യൂരിറ്റി ഡ്രില്ലുകളുടെ പ്രാഥമിക ലക്ഷ്യം. വാര്ഡന് സേവനങ്ങള്‍, അഗ്നിരക്ഷാസേന, ഡിപ്പോ മാനേജ്മെന്റ്, ഇവാക്വേഷന്, മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സിവില്‍ ഡിഫന്‍സ് സേവനങ്ങളുടെ ഫലപ്രാപ്തി പരിശോധിക്കുകയും സെക്യൂരിറ്റി ഡ്രില്ലുകള്‍ ലക്ഷ്യമിടുന്നു.
ഇന്ത്യ ഓപ്പറേഷന് സിന്ദൂറിന് മണിക്കൂറുകള്‍ മുന്‍പ് മെയ് 7-ന് ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി സെക്യൂരിറ്റി ഡ്രില്‍ നടത്തിയിരുന്നു. കഴിഞ്ഞ സെക്യൂരിറ്റി ഡ്രില്ലില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴക്കി. ഒരു ആക്രമണമുണ്ടായാല്‍ എങ്ങനെ സ്വയം സംരക്ഷിക്കാമെന്നും ചുറ്റുമുളളവരെ രക്ഷിക്കാമെന്നും ഉള്‍പ്പെടെയുളള സിവില്‍ ഡിഫന്‍സ് പ്രോട്ടോക്കോളുകളെക്കുറിച്ച് പൗരന്മാരെയും വിദ്യാര്‍ത്ഥികളെയും ബോധവത്കരിച്ചു. 1971-ലെ പാകിസ്താനുമായുളള യുദ്ധത്തിനുശേഷം മെയ് 7-നാണ് ആദ്യമായി രാജ്യത്ത് സെക്യൂരിറ്റി ഡ്രില്‍ നടത്തിയത്.
Content Highlights: Security drills in punjab jammu kashmir rajastan haryana rescheduled to may 31