
മംഗളൂരു: മംഗളൂരുവില്‍ ബണ്ട്വാള്‍ താലൂക്കിലെ കോല്‍ത്തമജലു ജുമാമസ്ജിദ് സെക്രട്ടറി അബ്ദുള്‍ റഹ്മാനെ അക്രമികള്‍ വെട്ടിക്കൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവെച്ചു. തീരദേശമേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ രണ്ട് വര്‍ഷത്തിലധികമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ കൂട്ടരാജി പ്രഖ്യാപിച്ചത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും തീരദേശമേഖലയില്‍ യുവാവിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിട്ട് പോലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും രാജിവെച്ച പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അത്തരം ഒരു പാര്‍ട്ടിക്ക് വേണ്ടി തങ്ങള്‍ എന്തിന് വോട്ട് ചെയ്യണമെന്നും പ്രവര്‍ത്തകര്‍ ചോദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മംഗളൂരു മുന്‍ മേയര്‍ കെ അഷ്റഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു.
വിഷയത്തില്‍ സമയോചിതമായ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയമാണെന്ന് കുറ്റപ്പെടുത്തികൊണ്ടാണ് അഷ്റഫ് തന്റെ രാജി പ്രഖ്യാപിച്ചത്. തീരദേശ മേഖലയിലെ വര്‍ഗീയത അടിച്ചമര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ഉള്ളാള്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീറും നേരത്തെ രാജിവച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലുണ്ടെങ്കിലും വര്‍ഗീയവാദികളെ നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഷമീര്‍ രാജിക്ക് ശേഷം പ്രതികരിച്ചു.
കോണ്‍ഗ്രസിന്റെ അവഗണനയുടെയും അലസതയുടെയും ഫലമാണ് ഇത്തരം സംഭവങ്ങളെന്നും തീരദേശ മേഖലയില്‍ സമാധാനവും ക്രമസമാധാനവും നില നിര്‍ത്തുന്നതില്‍ ആഭ്യന്തരമന്ത്രി ഡോ ജി പരമേശ്വര പരാജയപ്പെട്ടെന്നും മുഹമ്മദ് ഷമീര്‍ തുറന്നടിച്ചിരുന്നു. കൊളത്തമജലു ജുമാ മസ്ജിദ് സെക്രട്ടറിയും പിക്ക് അപ്പ് ഡ്രൈവറുമായ അബ്ദുള്‍ റഹ്മാനെയാണ് കഴിഞ്ഞ ദിവസം ആക്രമികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
കേസില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബണ്ട്വാള്‍ കുരിയാലയ്ക്ക് സമീപമുള്ള ഇരകൊടിയിലാണ് ക്രൂരകൃത്യം നടന്നത്. പിക്ക് അപ്പ് വാഹനത്തില്‍ നിന്ന് മണല്‍ ഇറക്കുന്നതിനിടയില്‍ വാളുമായെത്തിയ സംഘം അബ്ദുള്‍ റഹ്മാനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ രണ്ട് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
content highlights:Many Muslim Workers Quit Karnataka Congress Over Mangaluru Murder