
ന്യൂ ഡൽഹി: അടുത്ത മൂന്ന് ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നത് അഞ്ച് സംസ്ഥാനങ്ങൾ. സിക്കിം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക.
ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലാണ് പ്രധാനമന്ത്രി ദീർഘമായ സന്ദർശനം നടത്തുക. മെയ് 29ന് സിക്കിമിലാണ് ആദ്യ സന്ദർശനം. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി സിക്കിം സംസ്ഥാന ദിന പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് അന്ന് ഉച്ചയ്ക്ക് ബംഗാളിലെ അലിപുർദുവർ എന്നിടത്ത് മറ്റൊരു പരിപാടിയിൽ പങ്കെടുക്കും.
അന്ന് തന്നെ ബിഹാർ പട്നയിലെ എയർപോർട്ട് ഉദ്ഘടനത്തിലും മോദി പങ്കെടുക്കും. തുടർന്ന് അടുത്ത ദിവസം ഭക്തിയാർപുരിൽ ഭീമൻ റാലിയുണ്ടാകും. ശേഷം പ്രധാനമന്ത്രി കാൻപൂരിലെത്തും. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ കുടുംബത്തെ സന്ദർശിക്കാനാണ് കാൻപൂരിലെക്കെത്തുക.
മെയ് 31ന് ഭോപ്പാലിലാണ് മോദി ഉണ്ടാകുക. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ മാത്രം പകെടുക്കുന്ന ഒരു വമ്പൻ റാലിയുടെ ഉദ്‌ഘാടനത്തിനാണ് മോദി എത്തുക. ദൗത്യത്തിന് ശേഷം നടന്ന എല്ലാ രാഷ്ട്രീയ റാലികളിലും മോദി ഓപ്പറേഷൻ സിന്ദൂറിനെ പരാമർശിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന റാലിയിൽ മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ മോദി രൂക്ഷമായി വിമർശിച്ചിരുന്നു. ഭീകരവാദത്തെ അടിച്ചമർത്താൻ 1947ലെ സർക്കാർ ശ്രമിച്ചില്ലെന്നും പട്ടേലിന്റെ ഉപദേശം അന്നത്തെ കോൺഗ്രസ് സർക്കാർ അവഗണിച്ചെന്നുമായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്.
വിഭജനത്തിന് ശേഷമുള്ള ആദ്യത്തെ രാത്രി തന്നെ കശ്മീരിൽ ഭീകരാക്രമണം ഉണ്ടായി. അന്ന് തൊട്ട് ഇന്ത്യയുടെ ഒരു ഭാഗം പാകിസ്താൻ കയ്യടക്കിയിരിക്കുകയാണ്. അന്ന് തന്നെ ഭീകരതയെ സർക്കാർ വേണ്ട രീതിയിൽ കൈകാര്യം ചെയ്യണമായിരുന്നു. ഇപ്പോൾ ആ ഭീകരവാദത്തിന്റെ ഏറ്റവും മോശമായ രൂപമാണ് നമ്മൾ അനുഭവിക്കുന്നത്. പാക് അധിനിവേശ കാശ്മീർ സൈന്യം പിടിച്ചെടുക്കണമെന്ന് സർദാർ വല്ലഭായി പട്ടേൽ ആഗ്രഹിച്ചെങ്കിലും അന്നത്തെ സർക്കാർ അത് അവഗണിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. നെഹ്റുവിൻ്റെ ചരമ വാർഷിക ദിനത്തിലായിരുന്നു നരേന്ദ്ര മോദിയുടെ പ്രസ്താവന.
Content Highlights: Modi to visit 5 states in next 3 days