
ന്യൂഡൽഹി: മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഡൽഹി കോടതി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ബ്രിജ് ഭൂഷണെതിരായ കേസ് അവസാനിപ്പിച്ചത്. കേസിൽ ഡൽഹി പൊലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്നുവർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസാണ് പൊലീസിന്റെ കണ്ടെത്തലുകൾ പരാതിക്കാരി എതിർക്കാത്തതിനെ തുടർന്ന് അവസാനിപ്പിച്ചത്.
പൊലീസ് അന്വേഷണത്തിൽ താൻ തൃപ്തയാണെന്നും വിഷയത്തിൽ കൂടുതൽ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഗുസ്തി താരം 2023 ഓഗസ്റ്റ് 1-ന് നടന്ന വിചാരണയിൽ ജഡ്ജിയോട് പറഞ്ഞിരുന്നു. താരത്തോട് അനീതി കാണിച്ചതിൽ പ്രതികാരം ചെയ്യാനാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന പരാതി നൽകിയതെന്നും പരാതി വ്യാജമാണെന്നും പെൺകുട്ടിയുടെ പിതാവ് സമ്മതിച്ചിരുന്നു. ഇതോടെയാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് കേസ് അവസാനിപ്പിക്കാനുളള നീക്കം നടത്തിയത്.
അതേസമയം, പോക്‌സോ കേസ് ഇല്ലാതായാലും മറ്റ് ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ നൽകിയ ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും. 2023 ജനുവരിയിലാണ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ഗുസ്തി താരങ്ങൾ രംഗത്തെത്തിയത്. ബ്രിജ് ഭൂഷനും ചില പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമായിരുന്നു ആരോപണം. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ തുടങ്ങിയ ഗുസ്തി താരങ്ങളാണ് ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്തത്.
Content Highlights: Delhi court drops pocso case against brij bushan sharan singh