


 
            ന്യൂ ഡൽഹി: പാകിസ്താൻ സന്ദർശനത്തിനിടെ ചുറ്റും തോക്കുധാരികളുമായി സഞ്ചരിക്കുന്ന ജ്യോതി മൽഹോത്രയുടെ ദൃശ്യങ്ങൾ പുറത്ത്. സ്‌കോട്ടിഷ് പൗരനായ കല്ലം മില്ലിന്റെ വ്ലോഗിലാണ് തോക്കുധാരികളുടെ സംരക്ഷണയിൽ നടന്നുപോകുന്ന ജ്യോതി മൽഹോത്രയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
ലാഹോറിലെ അനാർക്കലി മാർക്കറ്റിൽ വ്ലോഗ് ചെയ്യുകയായിരുന്നു കല്ലം മിൽ. ഇതിനിടെ ജ്യോതി മൽഹോത്രയെ കണ്ടുമുട്ടി. ഇരുവരും പരസ്പരം അൽപനേരം സംസാരിക്കുന്നുമുണ്ട്. ഇതിനിടെയാണ് തോക്കുധാരികൾ ജ്യോതി മൽഹോത്രയുടെ ചുറ്റും നിൽക്കുന്നതും ജ്യോതിക്ക് വഴി കാട്ടുന്നതുമെല്ലാം വീഡിയോയിൽ പതിഞ്ഞത്. തന്റെ വ്ലോഗിൽ ജ്യോതിക്ക് ചുറ്റും തോക്കുധാരികളായ ആറ് പേർ ഉള്ളതായും, ഇവർക്ക് സുരക്ഷ ഉള്ളതായി തനിക്ക് തോന്നുന്നതായും കല്ലം മിൽ പറഞ്ഞിരുന്നു.
ജ്യോതി മൽഹോത്ര അടക്കം 12 പേരെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പൊലീസ് ചാരപ്രവൃത്തിക്ക് അറസ്റ്റ് ചെയ്തിരിക്കുന്നത്. 'ട്രാവൽ വിത്ത് ജോ" എന്ന യൂട്യൂബ് ചാനലിലാണ് ജ്യോതി തന്റെ ട്രാവൽ വ്ലോഗുകൾ അപ്ലോഡ് ചെയ്തിരുന്നത്. ജ്യോതി മൽഹോത്ര പഹൽഗാം ആക്രമണത്തിന് മുൻപ് നിരവധി തവണ പാകിസ്താൻ സന്ദർശിച്ചതായി കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസേഴ്സിനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പാകിസ്താൻ ഇന്റലിജൻസ് ജ്യോതിയെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും, വിവരങ്ങൾ കൈമാറി കിട്ടാന്‍ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്റുമാരുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ജ്യോതി മല്‍ഹോത്ര സമ്മതിച്ചിരുന്നു. പാകിസ്താൻ ഹെെക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ജ്യോതി മൽഹോത്ര ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.
പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിസ ആവശ്യത്തിനായി ഹൈക്കമ്മീഷന്‍ ഓഫീസില്‍ 2023ല്‍ എത്തിയപ്പോഴാണ് ആദ്യമായി ഡാനിഷിനെ പരിചയപ്പെട്ടതെന്നും ചോദ്യം ചെയ്യലിൽ ജ്യോതി മൊഴി നൽകിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 13 ന് ഇന്ത്യ പുറത്താക്കിയ ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡാനിഷ്.
പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ ഡാനിഷിന്റെ പരിചയക്കാരനായ അലി ഹസ്സനെ പരിചയപ്പെട്ടെന്നും അയാള്‍ വഴിയാണ് താമസവും യാത്രയും തരപ്പെടുത്തിയതെന്നും ജ്യോതി ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പാക്കിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെന്ന് കരുതപ്പെടുന്ന ഷാക്കിര്‍, റാണ എന്നിവരെ അലി ഹസ്സന്‍ പരിചയപ്പെടുത്തിയെന്നും ജ്യോതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
ഷാക്കിറിന്റെ ഫോണ്‍ നമ്പര്‍ ജാട്ട് രധാവ എന്ന പേരിലാണ് ഫോണില്‍ സേവ് ചെയ്തതെന്നും സംശയത്തിന് ഇടവരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ജ്യോതി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷവും പാകിസ്താനി ഇന്റലിജന്റ് ഏജന്റുമായി ബന്ധം സ്ഥാപിച്ചിരുന്നുവെന്നും വാട്‌സാപ്പ്, സ്‌നാപ് ചാറ്റ്, ടെലട്രാം ആപ്പുകള്‍ വഴി എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളാണ് കൈമാറിയതെന്നും ജ്യോതി ഉദ്യോഗസ്ഥരോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്.
Content Highlights: Jyothi Malhotra with likely security filmed at pakistan
 
                        
                        