'കെ ചന്ദ്രശേഖര റാവു ഒരു ദൈവമാണ്, പക്ഷേ അദ്ദേഹത്തിന് ചുറ്റും ചില പിശാചുക്കൾ ഉണ്ട്'; കത്ത് ചോർന്നതിൽ കെ കവിത

കവിത കെ ചന്ദ്രശേഖര റാവുവിന് എഴുതിയ കത്ത് പുറത്ത് വന്നിരുന്നു

dot image

ഹൈദരാബാദ്: പിതാവും ഭാരത് രാഷ്ട്ര സമിതിയുടെ പ്രസിഡൻ്റുമായ കെ ചന്ദ്രശേഖര റാവുവിന് (കെ‌സി‌ആർ) എഴുതിയ കത്ത് ചോർന്നതിൽ പ്രതിഷേധവുമായി മകൾ കെ കവിത. പാർട്ടിയിൽ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും കവിത ആരോപിച്ചു. കെ‌സി‌ആർ ദൈവത്തെപ്പോലെയാണ്, പക്ഷേ ചില പിശാചുക്കൾ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ടെന്നും കവതി ആരോപിച്ചു. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വെള്ളിയാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ കവിത.

'രണ്ടാഴ്ച മുമ്പ്, ഞാൻ കെ‌സി‌ആർ ജിക്ക് ഒരു കത്ത് എഴുതിയിരുന്നു. കത്തുകളിലൂടെ ഞാൻ എന്റെ അഭിപ്രായങ്ങൾ അദ്ദേഹത്തോട് നേരത്തെ പറഞ്ഞിരുന്നു. ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് ഞാൻ അടുത്തിടെ പറഞ്ഞിരുന്നു. കെ‌സി‌ആർ ജിക്ക് ഞാൻ വ്യക്തിപരമായി എഴുതിയ കത്ത് പരസ്യമായി. പാർട്ടിയിലുള്ള നാമെല്ലാവരും തെലങ്കാനയിലെ ജനങ്ങളും എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്' എന്നും കവിത വ്യക്തമാക്കി. തെലങ്കാനയുടെ പകുതിയോളം പര്യടനം നടത്തിയ ശേഷം ആളുകൾ എന്താണ് ചിന്തിക്കുന്നതെന്ന് മാത്രമാണ് താൻ കത്തി‌ൽ സൂചിപ്പിച്ചതെന്നും തനിക്ക് വ്യക്തിപരമായ ഒരു അജണ്ടയുമില്ലെന്നും കെ കവിത ചൂണ്ടിക്കാണിച്ചു.

'കെസിആർ ജി ഒരു ദൈവമാണ്. പക്ഷേ, അദ്ദേഹത്തിന് ചുറ്റും ചില പിശാചുക്കൾ ഉണ്ട്. അവർ കാരണം ധാരാളം നാശനഷ്ടങ്ങൾ സംഭവിക്കുന്നു. ഞാൻ കെസിആറിന്റെ മകളാണ്. ഞാൻ വ്യക്തിപരമായി എഴുതിയ കത്ത് പരസ്യമായാൽ, പാർട്ടിയിലെ മറ്റുള്ളവരുടെ ഗതിയെക്കുറിച്ച് ഒരു ചർച്ച നടക്കണമെന്നായിരുന്നു' ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണെന്ന് ചോദ്യത്തോടുള്ള കെ കവിതയുടെ പ്രതികരണം. പാർട്ടി അധ്യക്ഷന് പ്രവർത്തകർ പതിവായി ഇത്തരം പ്രതികരണങ്ങൾ നൽകാറുണ്ടെന്നും കെ കവിത ചൂണ്ടിക്കാണിച്ചു.

കത്ത് ചോർന്നതിന് ശേഷം ബിആർഎസിനെക്കുറിച്ച് കോൺഗ്രസ്, ബിജെപി നേതാക്കൾ നടത്തിയ അഭിപ്രായങ്ങളെക്കുറിച്ചും കെ കവിത പ്രതികരിച്ചു. ചന്ദ്രശേഖര റാവു തന്റെ നേതാവാണെന്നും 'ചെറിയ പോരായ്മകൾ' തിരുത്തുകയും മറ്റ് പാർട്ടികളെ രഹസ്യമായി സഹായിക്കുന്ന നേതാക്കളെ നീക്കം ചെയ്യുകയും ചെയ്താൽ പാർട്ടി വളരെക്കാലം തഴച്ചുവളരുമെന്നും കെ കവിത വ്യക്തമാക്കി. കോൺഗ്രസും ബിജെപിയും തെലങ്കാനയെ പരാജയപ്പെടുത്തിയെന്ന് ആരോപിച്ച കവിത‌ കെസിആറിന്റെ നേതൃത്വമാണ് ബദൽ എന്നും കൂട്ടി ചേർത്തു.

നേരത്തെ കവിത കെ ചന്ദ്രശേഖര റാവുവിന് എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. പാർട്ടിയുടെ സിൽവർ ജൂബിലി യോഗത്തിൽ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതിന് കെസിആറിനെ വിമർശിച്ചു കൊണ്ടുള്ളതാണ് കത്ത്. ഏപ്രിൽ 27ന് വാറംഗലിൽ നടന്ന ബിആർഎസ് സിൽവർ ജൂബിലി യോഗത്തെ കുറിച്ചുള്ള പ്രതികരണമായാണ് തെലുങ്കിലും ഇംഗ്ലീഷിലും എഴുതിയ കത്തിനെ വിലയിരുത്തപ്പെടുന്നത്.

'താങ്കൾ വെറും രണ്ട് മിനിറ്റ് സംസാരിച്ചപ്പോൾ, ഭാവിയിൽ ബിജെപിയുമായി സഖ്യമുണ്ടാകുമെന്ന് ചിലർ ഊഹിക്കാൻ തുടങ്ങി. നിങ്ങൾ ബിജെപിക്കെതിരെ ശക്തമായി സംസാരിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് പോലും തോന്നി. ബിജെപി കാരണം ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ കൊണ്ടായിരിക്കാം അത്. പക്ഷേ, അച്ഛാ, നിങ്ങൾ ബിജെപിയെ കുറച്ചുകൂടി ലക്ഷ്യം വയ്ക്കണമായിരുന്നു' എന്നായിരുന്നു കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്ക് 42 ശതമാനം സംവരണം, പട്ടികജാതി വിഭാഗ വർഗ്ഗീകരണം, വഖഫ് ഭേദഗതി നിയമം തുടങ്ങി നിരവധി വിഷയങ്ങളിൽ തന്റെ പിതാവ് പുലർത്തിയ മൗനം പ്രതികൂലമായ പ്രതികരണങ്ങൾക്ക് കാരണമായെന്നും കവിത പ്രതികരിച്ചിരുന്നു.

അതേസമയം, 'ഓപ്പറേഷൻ കാഗർ' വിഷയത്തിൽ കെസിആറിന്റെ ശക്തമായ നിലപാടിനെ അവർ അംഗീകരിക്കുകയും പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കായി മൗനം ആചരിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു. സിൽവർ ജൂബിലി യോഗത്തിന്റെ മൊത്തത്തിലുള്ള വിജയത്തിന് കെസിആറിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു കവിതയുടെ കത്ത് അവസാനിപ്പിച്ചിരുന്നത്.

Content Highlights: K Kavitha said some conspiracies are being hatched in K Chandrashekar Rao's BRS

dot image
To advertise here,contact us
dot image