
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിന് ജാമ്യം. ബെംഗളുരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും രണ്ടാൾജാമ്യവുമാണ് ജാമ്യ വ്യവസ്ഥകൾ. കൂടാതെ രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. കൂട്ടുപ്രതി തരുൺ രാജുവിനും കോടതി ജാമ്യം അനുവദിച്ചു. കൊഫെപോസ കേസുള്ളതിനാല്‍ ജയിലില്‍ തുടരേണ്ടി വരും. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂണ്‍ മൂന്നിന് പരിഗണിക്കും.
മാര്‍ച്ച് നാലിനാണ് സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റിലായത്. ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. സ്വര്‍ണം ഇവര്‍ ധരിക്കുകയും ശരീരത്തില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. 14.8 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തത്.
അറസ്റ്റിലാവുന്നതിന് മുമ്പ് നാല് തവണ നടി ദുബായ് സന്ദര്‍ശനം നടത്തിയതോടെ ഡിആര്‍ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. കര്‍ണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞ് രന്യ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റവന്യൂ ഇന്റലിജന്‍സ് സംഘം വിട്ടുകൊടുത്തില്ല. നടിയെ കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
രന്യയുടെ അറസ്റ്റിന് തൊട്ടുപിന്നാലെയായിരുന്നു സുഹൃത്ത് തരുണ്‍ രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് തരുൺ രാജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് തരുണ്‍. കര്‍ണാടകയിലെ ഹോട്ടല്‍ ഉടമയുടെ കൊച്ചുമകനായ തരുണും രന്യയും ആദ്യം സുഹൃത്തുക്കളായിരുന്നു, പിന്നീട് രന്യയുടെ വിവാഹത്തോടെ ഇരുവരും പിരിഞ്ഞെങ്കിലും സ്വര്‍ണക്കടത്തില്‍ ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. ഇരുവരും ഒരുമിച്ച് 26 ദുബായ് യാത്രകള്‍ നടത്തിയിരുന്നതായും. ഈ യാത്രകളിലെല്ലാം ഇവര്‍ സ്വര്‍ണം കടത്തിയിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ഇവരുടെ പല യാത്രകളും രാവിലെ ദുബായിലേക്ക് പോയി, വൈകിട്ട് തിരിച്ചുവരുന്ന തരത്തിലായിരുന്നു. ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടെ രന്യ തരുണുമായി ബന്ധപ്പെട്ടിരുന്നു എന്ന പൊലീസിന്റെ കണ്ടെത്തലാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. അറസ്റ്റിന് മുൻപ് തരുണ്‍ രാജ്യംവിടാന്‍ ശ്രമിച്ചിരുന്നതായും ഡിആര്‍ഐ വെളിപ്പെടുത്തിയിരുന്നു.
കര്‍ണാടക പൊലീസ് ഹൗസിങ് കോര്‍പറേഷന്‍ ഡിജിപി രാമചന്ദ്രറാവുവിന്റെ വളര്‍ത്തുമകളാണ് രന്യ. സ്വര്‍ണക്കടത്തിന് വളര്‍ത്തച്ഛന്റെ പേരും പിടിപാടും രന്യ ഉപയോഗിച്ചിരുന്നതായും ഡിആര്‍ഐ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പേര് പറഞ്ഞ് ഗ്രീന്‍ചാനല്‍ വഴിയാണ് സുരക്ഷാ പരിശോധന ഇല്ലാതെ രന്യ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടന്നിരുന്നത്. സംഭവത്തിന് പിന്നാലെ രാമചന്ദ്രറാവുവിന് നിര്‍ബന്ധിത അവധി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
Content Highlight: Gold smuggling case; Actress Ranya Rao granted bail