'വെള്ളി ആഭരണങ്ങൾ തരാതെ മാറില്ല'; അമ്മയുടെ ചിതയിൽ കയറിക്കിടന്ന് മകൻ; ഒടുവിൽ ട്വിസ്റ്റ്

അമ്മയുടെ വെള്ളി ആഭരണങ്ങൾ തനിക്ക് തരാതെ സംസ്കാരച്ചടങ്ങുകൾ നടത്താനാവില്ലെന്ന് പറഞ്ഞ ഇളയ മകൻ ചിതയ്ക്ക് മുകളിൽ കയറി കിടക്കുകയായിരുന്നു

dot image

ജയ്പൂർ: ജയ്പൂരിൽ അമ്മയുടെ ചിതയിൽ കയറി കിടന്ന് അന്ത്യകർമ്മങ്ങൾ തടസ്സപ്പെടുത്തി മകൻ. ജയ്പൂർ റൂറലിലെ വിരാട്നഗർ മേഖലയിലാണ് സംഭവം നടന്നത്. അമ്മയുടെ വെള്ളി ആഭരണങ്ങൾ തനിക്ക് തരാതെ സംസ്കാരച്ചടങ്ങുകൾ നടത്താനാവില്ലെന്ന് പറഞ്ഞ ഇളയ മകൻ ചിതയ്ക്ക് മുകളിൽ കയറി കിടക്കുകയായിരുന്നു. 80 വയസ്സുള്ള ഛീതർ റീഗറുടെ മരണാനന്തരച്ചടങ്ങുകൾക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഛീതറിന്റെ മൃതദേഹം മക്കളും ബന്ധുക്കളും ചേർന്ന് അന്ത്യകർമങ്ങൾക്കായി അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോയി. തുടർന്ന് ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. ഛീതറിനെ ചിതയിൽ വയ്ക്കുന്നതിന് മുമ്പ്, കുടുംബത്തിലെ മുതിർന്നവർ അവരുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകൻ ഗിർധാരി ലാലിന് കൈമാറി. ഛീതർ ജീവിച്ചിരിക്കുമ്പോൾ സംരക്ഷിച്ചിരുന്നത് മൂത്തമകൻ ഗിർധാരി ലാലാണ്. എന്നാൽ ജ്യേഷ്ഠന് മാത്രം അമ്മയുടെ ആഭരണങ്ങൾ കൈമാറിയെന്നാരോപിച്ച് ഇളയമകൻ ഓംപ്രകാശ് പ്രശ്നമുണ്ടാക്കുകയായിരുന്നു.

Also Read:

തുടർന്ന് അമ്മയുടെ ചിതയിൽ കയറി കിടക്കുകയായിരുന്നു. വെള്ളി വളകൾ തനിക്ക് നൽകാതെ ശവസംസ്കാരം നടത്താൻ അനുവദിക്കില്ലെന്നും താൻ സ്വയം തീ കൊളുത്തുമെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തി. ഒടുവിൽ നാട്ടുകാർ ചേ‍ർന്ന് ബലമായി ഓംപ്രകാശിനെ ചിതയിൽ നിന്നും മാറ്റുകയായിരുന്നു. പിന്നീട് ആഭരണങ്ങൾ ഓംപ്രകാശിന് കൈമാറിയതിനു ശേഷമാണ് ശവസംസ്കാരച്ചടങ്ങുകൾ പൂർത്തീകരിച്ചത്.

content highlights : Son Halts Mother's Cremation, Lies On Pyre Over Jewellery In Rajasthan

dot image
To advertise here,contact us
dot image