മരിച്ച അമ്മയുടെ ആഭരണങ്ങൾക്കായി ചിതയിൽ കയറി കിടന്ന് പ്രതിഷേധിച്ച് മകൻ; സ്വയം തീ കൊളുത്തുമെന്ന് ഭീഷണി

കഴിഞ്ഞ മെയ് മൂന്നിനാണ് 80 വയസ് പ്രായമുള്ള ഇവരുടെ അമ്മ മരിക്കുന്നത്

dot image

ജയ്പൂർ: മരിച്ച അമ്മയുടെ ആഭരണത്തിന് വേണ്ടി ചിതയിൽ കിടന്ന് പ്രതിഷേധിച്ച് ഇളയമകൻ. അമ്മയ്ക്കൊരുക്കിയ ചിതയ്ക്ക് മുകളിൽ കയറിക്കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ജയ്പൂർ റൂറലിലെ വിരാട്നഗർ മേഖലയിലാണ് സംഭവം. മൂത്ത സഹോദരന് അമ്മയുടെ ആഭരണങ്ങൾ കൈമാറിയതാണ് ഇളയസഹോദരനെ ചൊടിപ്പിച്ചത്. കഴിഞ്ഞ മെയ് മൂന്നിനാണ് 80വയസ് പ്രായമുള്ള ഇവരുടെ അമ്മ മരിക്കുന്നത്. തുടർന്ന് ഇവരുടെ മൃതദേഹം മക്കളും മറ്റ് ബന്ധുക്കളും ചേർന്ന് അന്ത്യകർമ്മങ്ങൾക്കായി അടുത്തുളള ശ്മശാനത്തിലേക്ക് കൊണ്ട് പോവുകയായിരുന്നു.

അവിടെ വെച്ച് ശവസംസ്കാര ചടങ്ങുകൾ പുരോ​ഗമിക്കുന്നതിനിടെ കുടുംബത്തിലെ മുതിർന്ന ഒരാൾ മരിച്ച വയോധികയുടെ ശരീരത്തിൽ നിന്ന് വെള്ളി വളകളും മറ്റ് ആഭരണങ്ങളും ഊരി ഇവരുടെ മൂത്തമകനായ ഗിർധാരി ലാലിന് കൈമാറി. ഇവരുടെ അമ്മ ജീവിച്ചിരുന്ന സമയത്ത് അവരെ പരിപാലിച്ചിരുന്നത് മൂത്തമകൻ ആയിരുന്നു. എന്നാൽ ഇത് കണ്ട ഇളയ മകൻ ഓം പ്രകാശ് ഇതിൽ പ്രകോപിതനാവുകയും തന്റെ അമ്മയ്ക്ക് ഒരുക്കിവെച്ച ചിതയിലേക്ക് കയറിക്കിടന്ന് പ്രതിഷേധിക്കുകയുമായിരുന്നു. അമ്മയുടെ ആഭരണങ്ങൾ നൽകാതെ താൻ ഇതിൽ നിന്ന് എണീക്കില്ലെന്നും ശവസംസ്കാര ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്നും ഇളയമകനായ ഓം പ്രകാശ് പറഞ്ഞു.

ഇത് കണ്ട ബന്ധുക്കളും ​ഗ്രാമവാസികളും ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇളയ മകൻ ഇത് കേൾക്കാൻ വിസമ്മതിച്ചു. താൻ പറയുന്ന കാര്യങ്ങൾ അനുവദിച്ചില്ലെങ്കിൽ ചിതയ്ക്ക് തീ കൊളുത്തുന്നതിനൊപ്പം താനും സ്വയം തീ കൊളുത്തുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. ഒടുവിൽ ഓം പ്രകാശിനെ ബലമായിട്ടാണ് ചിതയിൽ നിന്ന് പുറത്തെടുത്തത്. എന്നിട്ടും ഇയാൾ ചിതയ്ക്കടുത്തിരുന്ന് പ്രതിഷേധം തുട‍ർന്നു. ശേഷം ആഭരണങ്ങൾ ഓം പ്രകാശിന് കൈമാറിയ ശേഷമാണ് അമ്മയുടെ ശവസംസ്കാരം നടത്താൻ സമ്മതിച്ചത്. സംഭവത്തിൽ ഓംപ്രകാശും സഹോദരന്മാരും തമ്മിൽ വളരെക്കാലമായി സ്വത്ത് തർക്കം നിലനിന്നിരുന്നതായി ​ഗ്രാമവാസികൾ വ്യക്തമാക്കി.

Content Highlights- Argument-over-mothers-jewellery-in-jaipur

dot image
To advertise here,contact us
dot image