
ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ ശരീരത്ത് 15 ഭൂതങ്ങളുണ്ടെന്ന് പറഞ്ഞ് പണം തട്ടിയ ജ്യോത്സ്യൻ പിടിയിൽ. നിരന്തരം രോഗങ്ങൾ വിടാതെ പിന്തുടർന്നതിനെ തുടർന്ന് യുവതി ജോത്സ്യനെ സമീപിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാമെന്നും ശരീരത്തിലുള്ള 15 ഭൂതങ്ങളെയും ഒഴിപ്പിച്ച് തരാമെന്നും പറഞ്ഞ് ജ്യോത്സ്യൻ അഞ്ച് ലക്ഷം രൂപ തന്റെ കൈയ്യിൽ നിന്നും തട്ടിയെടുത്തെന്ന് യുവതി പറയുന്നു.
തന്നെ ജ്യോത്സ്യൻ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകി. ദഹനക്കേട്, കൈകാലുകളുടെ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാൽ യുവതി ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിയിരുന്നു. തുടർന്ന് യുവതിയുടെ സുഹൃത്ത് വഴി ജോത്സ്യനെ പരിചയപ്പെടുകയും ജാതകം കൈമാറുകയും ചെയ്തു. ജാതകം പരിശോധിച്ചതിന് ശേഷം യുവതിയുടെ ശരീരത്തിൽ 15 ഭൂതങ്ങൾ കയറിക്കൂടിയെന്ന് ജോത്സ്യൻ വിശ്വസിപ്പിക്കുകയായിരുന്നു. ഈ ഭൂതങ്ങളെ ഒഴിപ്പിച്ചില്ലെങ്കിൽ ജീവിതം നശിച്ചു പോകുമെന്നും മരണം സംഭവിക്കുമെന്നും പറഞ്ഞ് യുവതിയെ ജോത്സ്യൻ കബളിപ്പിക്കുകയായിരുന്നു.
ഇത്തരത്തിൽ പല കാരണങ്ങൾ പറഞ്ഞ് പല തവണയായി യുവതിയുടെ കൈയ്യിൽ നിന്നും പ്രതി 5 ലക്ഷം രൂപ തട്ടിയെടുത്തു. 2024 സെപ്റ്റംബർ 29-ന് കോറമംഗലയിലെ ഒരു ഹോട്ടൽ മുറിയിൽ യുവതിയെ ജ്യോത്സ്യൻ വരുത്തുകയും പ്രേതബാധ ഒഴിപ്പിക്കുകയാണെന്നും അവകാശപ്പെട്ടു. നാരങ്ങ മുറിക്കുക, ധൂപം കാട്ടുക, അവയിൽ ഊതിപ്പുക, യുവതിയെ മയിൽപ്പീലി കൊണ്ട് അടിക്കുക, "ആത്മാവേ, പോകൂ" എന്ന് ആവർത്തിച്ച് മന്ത്രിച്ചുകൊണ്ട് യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചെന്നും പരാതിയിൽ പറയുന്നു. ഇതൊന്നും ചെയ്തിട്ടും രോഗങ്ങൾ വിട്ടുമാറാത്തതിനെ തുടർന്ന് യുവതി പണം തിരികെ ചോദിക്കുകയായിരുന്നു. ഇത് തിരികെ കൊടുക്കാൻ ജോത്സ്യൻ വിസമ്മതിച്ചതോടെ യുവതി പൊലീസിൽ പരാതി നൽകി. ബിഎൻഎസ് സെക്ഷൻ 318 പ്രകാരം വ്യാജ ജോത്സ്യനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
content highlights: Bengaluru woman duped of Rs 5 lakh by 'astrologer' who claim 15 spirits haunts her