അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തം; ഇന്ത്യ-പാക് ഡിജിഎംഒ ചർച്ച ഇന്ന്, ശക്തമായ നിലപാട് അറിയിക്കും

പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം

dot image

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ധാരണക്ക് ശേഷം ഇന്ത്യയുടെയും പാകിസ്താന്റേയും ഡിജിഎംഒമാരുടെ ആദ്യയോഗം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച. പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക്കിസ്താനില്‍ വളരുന്ന ഭീകരവാദം അവസാനിപ്പിക്കണമെന്നും പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടേക്കും.

പ്രകോപനം ആവര്‍ത്തിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും യോഗത്തില്‍ ഇന്ത്യ അറിയിക്കും. ഇന്ത്യയുടെ മിലിട്ടറി താവളങ്ങള്‍ തകര്‍ത്തു എന്നതടക്കമുള്ള പാക്കിസ്ഥാന്റെ കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഇന്ത്യ ഉന്നയിച്ചേക്കും.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താനെതിരായ ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. ജമ്മുകശ്മീരില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നു. കടകമ്പോളങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രദേശങ്ങളില്‍ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കരാര്‍ ലംഘിച്ച പാകിസ്താനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടര്‍മാര്‍ തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി തങ്ങള്‍ക്ക് ലഭിച്ച ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും രാജ്യത്തിനായി കൃത്യതയോടെ മുന്നോട്ടുപോയെന്നുമാണ് ഇന്ത്യന്‍ വ്യോമസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഓപ്പറേഷന്‍ തുടരുന്ന സാഹചര്യമായതിനാല്‍ ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകരുതെന്നും സേനാമേധാവികള്‍ ആവശ്യപ്പെട്ടിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം തീവ്രവാദികള്‍ മാത്രമായിരുന്നുവെന്നും കര-നാവിക-വ്യോമ സേനയുടെ സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ഞായറാഴ്ച പറഞ്ഞിരുന്നു. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു.100 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നും സേന വിശദീകരിച്ചു. അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങളുടെ ഭൂപ്രകൃതിയും നിര്‍മ്മാണ രീതിയുമുള്‍പ്പടെ വിശദമായി പരിശോധിച്ചായിരുന്നു നീക്കം. മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നുവെന്നും സേന വ്യക്തമാക്കിയിരുന്നു. പാക്കിസ്താന്റെ പ്രകോപനത്തിന് ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടി തെളിവ് സഹിതം വിശദീകരിക്കുകയും ചെയ്തിരുന്നു.

Content Highlights: India- Pakistan DGMO-level talk at 12 noon today

dot image
To advertise here,contact us
dot image