'പാകിസ്താൻ ഭീകരരാഷ്ട്രം, സമാധാനചർച്ചകൾ എല്ലാം വെറും വഞ്ചന'; രൂക്ഷ പ്രതികരണവുമായി ബിഎൽഎ

ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി തങ്ങളുടെ നിലപാട് അറിയിച്ചത്

dot image

ലാഹോർ: പാകിസ്താൻ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. പാകിസ്താൻ ഭീകര രാഷ്ട്രമാണെന്നും സമാധാന ചർച്ചകൾ എന്ന പേരിൽ പാകിസ്താന്‍ നടത്തുന്നത് വഞ്ചനയും, യുദ്ധതന്ത്രവുമാണെന്നും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി വ്യക്തമാക്കി.

ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി തങ്ങളുടെ നിലപാട് അറിയിച്ചത്. പിന്നിൽനിന്ന് കുത്തുക, തീവ്രവാദം, വാഗ്ദാന ലംഘനങ്ങൾ തുടങ്ങിയവയാൽ നിറഞ്ഞതാണ് ഈ രാഷ്ട്രത്തിന്റെ ചരിത്രം. നിരവധി തീവ്രവാദ സംഘടനകൾ ഈ രാജ്യത്തുണ്ട്. ഇവരെയെല്ലാം പരിപോഷിപ്പിക്കുന്നത് സർക്കാരുകൾ തന്നെയാണ്. പാകിസ്താൻ എന്ന രാജ്യത്തെ ഇല്ലാതെയാക്കാതെ മേഖലയിൽ തീവ്രവാദം അവസാനിപ്പിക്കാൻ സാധിക്കില്ലെന്നും ബിഎൽഎ വ്യക്തമാക്കി.

ഈ രാജ്യം നിലനിൽക്കുന്ന കാലത്തോളം കാബൂൾ മുതൽ കാശ്മീർ വരെ തീവ്രവാദം ഉണ്ടാകുമെന്നും ബിഎൽഎ പറയുന്നു. തുടർന്ന് പാകിസ്താനിലെ തീവ്രവാദം ഇല്ലാതെയാക്കാൻ ഇന്ത്യക്ക് എല്ലാ സഹായവും ബിഎൽഎ വാഗ്ദാനം ചെയ്യുന്നുണ്ട്. പാകിസ്ഥാൻ സൈനികർക്ക് നേരെ നടത്തിയ 51 ആക്രമണങ്ങളുടെ ഉത്തരവാദിത്ത്വവും ബി എൽ എ ഏറ്റെടുത്തു.

പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ മോചനം ആവശ്യപ്പെടുന്ന സായുധസംഘടനയാണ് ബിഎല്‍എ. പാകിസ്താനില്‍ നിന്ന് മാറി സ്വതന്ത്രരാഷ്ട്രമാകണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ത്യ- പാക് വിഭജനത്തിനു ശേഷം കുറച്ചുനാള്‍ സ്വതന്ത്രരാജ്യമായി നിലനിന്നശേഷമാണ് ബലൂചിസ്ഥാന്‍ പാക്കിസ്താന്റെ ഭാഗമാകുന്നത്.

ആഭ്യന്തര സംഘര്‍ഷങ്ങള്‍, ഭരണപരമായ അസ്ഥിരത, സാമ്പത്തിക പ്രതിസന്ധി, അതിര്‍ത്തി തര്‍ക്കം തുടങ്ങി വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന പാക് സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ബലൂചിസ്ഥാന്‍ വിഘടനവാദം.

Content Highlights: BLA against Pakistan state

dot image
To advertise here,contact us
dot image